നിയമസഭ ഇന്നും പ്രക്ഷുബ്ധം, പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയെന്ന് വി ഡി സതീശൻ; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

Monday 20 March 2023 9:42 AM IST

തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്ധം. മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ മാനസികാവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി ഭരണത്തിന്റെ അതേ സമീപനമാണ് ഇവിടെയും. പ്രതിപക്ഷ എം എൽ എമാർക്കെതിരെ കള്ളക്കേസെടുത്തെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് നേതൃത്വത്തിൽ നടക്കുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

ആവശ്യങ്ങളിലൊന്നും തീരുമാനമുണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും സഭയുമായി സഹകരിക്കാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവച്ചു. പതിനൊന്ന് മണിക്ക് കാര്യോപദേശക സമിതി യോഗം ചേരും.