കോട്ടയത്തെ ഭക്ഷണത്തിന് അത്രയ്ക്ക് വിശ്വാസ്യതയില്ലേ? മോശം ഭക്ഷണത്തിന് ഈ വർഷം പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ, ലോക്ക്ഡൗണിന് ശേഷം ഹോട്ടലുകൾക്കുണ്ടായത് ഒരു പ്രധാന മാറ്റം

Monday 20 March 2023 10:11 AM IST

കോട്ടയം: കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരിൽ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടൽ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെ തുടർന്ന് പരിശോധന കർശനമാക്കിയ നടപ്പു സാമ്പത്തിക വർഷമാണ് ഏറ്റവു കൂടുതൽ പിഴ ലഭിച്ചത്. 2016 മുതൽ 2022-23 വരെയുള്ള പരിശോധനയുടെ വിവരങ്ങളാണ് പുറത്തു വന്നത്. ജില്ലയിലെ ഒമ്പത് സർക്കിൾ ഓഫീസുകളിൽ നിന്നായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പിഴയീടാക്കാനായത്.

കൊവിഡ് സമയത്താണ് ഏറ്റവും കുറവ് പരിശോധന നടന്നത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം വെജിറ്റേറിയൻ ഹോട്ടലുകൾ അടഞ്ഞു പോവുകയും അറേബ്യൻ ഭക്ഷണ ശാലകൾ കൂടുതലായി തുറക്കുകയും ചെയ്തു. പരിശോധന കർശനമാക്കിയ നടപ്പു സാമ്പത്തിക വർഷം ജനുവരി വരെ മാത്രം 12,69,500 രൂപയാണ് പിഴയായി ലഭിച്ചത്. ആയിരത്തിലേറെ ഹോട്ടലുകൾ നടപടിക്ക് വിധേയമായി. ഈ സമയത്താണ് കോഴിക്കോടും, കോട്ടയം സംക്രാന്തിയിലും അറേബ്യൻ ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേർ മരിച്ചത്. ഇതോടെ പരിശോധന കർശനമാക്കി.

പിഴത്തുകയിങ്ങനെ.

 2016-17: 2.13 ലക്ഷം

 2017-18: 6.040 ലക്ഷം

 2018-19: 4.71ലക്ഷം

2019-20: 3.52 ലക്ഷം

2020-21: 17000

2021-22: 2.02ലക്ഷം

2022-23:12.69 ലക്ഷം

''പണം മുടക്കി കഴിക്കുന്ന ഭക്ഷണം വൃത്തിയായി നൽകാനുള്ള അടിസ്ഥാന മര്യാദയാണ് ഹോട്ടലുകൾ കാട്ടേണ്ടത്. പരിശോധന കർശനമാക്കുക മാത്രമേ പരിഹാരമുള്ളൂ''

മഹേഷ് ചന്ദ്രൻ, വിവരാവകാശ പ്രവർത്തകൻ