കുറച്ച് കാലങ്ങളായി മനസിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി; എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി അമ്മ യാത്രയായെന്ന് ജോൺ ബ്രിട്ടാസ്

Monday 20 March 2023 10:32 AM IST

കണ്ണൂർ: കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം പിയുടെ മാതാവ് അന്നമ്മ ആലിലക്കുഴി (94) അന്തരിച്ചു. പരേതനായ പൈലിയുടെ ഭാര്യയാണ്. സംസ്‌കാരം നാളെ വൈകുന്നേരം നാല് മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ നടക്കും. നെയ്ശേരി പടിഞ്ഞാറയിൽ കുടുംബാംഗമാണ് അന്നമ്മ.

മറ്റു മക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).

ജോൺ ബ്രിട്ടാസ് അമ്മയെക്കുറിച്ച് ഹൃദയസ്‌പർശിയായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുറച്ച് കാലങ്ങളായി മനസിൽ ഉണ്ടായിരുന്ന ഭയം സത്യമായെന്നും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി തന്റെ അമ്മ യാത്രയായെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.