വിവാദ   വ്യവസായി  ഫാരിസ് അബൂബക്കറിനെ പൂട്ടാൻ ആദായനികുതി വകുപ്പ്, സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരേസമയം റെയ്ഡ്, കമ്പനികളിൽ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും സംശയം

Monday 20 March 2023 2:27 PM IST

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്.കൊച്ചി, കൊയിലാണ്ടി, ഡൽഹി, ചെന്നൈ, മുംബയ് എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്. രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ചെന്നൈ യൂണിറ്റാണ് കേരളത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്.

നിലം ഭൂമി വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വച്ച് നടത്തിയതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസിന് ഭൂമി ഇടപാടുകളുമുണ്ട്. ഈ സ്ഥാപനങ്ങളിൽ വിദേശത്തുനിന്നടക്കം നിക്ഷേപം എത്തിയിട്ടുണ്ടെന്ന വിവരം ആദായ നികുതിവകുപ്പിന് ലഭിച്ചിട്ടുണ്ട്. പല കമ്പനികളുടെ നിക്ഷേപകര്‍ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളില്‍ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും സംശയിക്കുന്നുണ്ട്.

ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിൽ ശോഭാ ഡവലപ്പേഴ്സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. തൃശൂരിലെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. ഇപ്പോൾ ഫാരിസ് ലണ്ടനിലാണ്. എത്രയും പെട്ടെന്ന് ഹാജരാകാൻ ഫാരിസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സി പി എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഫാരിസിന്റെ പേര് പലവട്ടം ഉയർന്ന് കേട്ടിരുന്നു. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്തായിരുന്നു ഇതിലേറെയും. പാർട്ടിയിലെ ചില ഉന്നതർക്ക് ഇയാളുമായി അടുപ്പമുണ്ടെന്ന വിമർശനവും ഉയർന്നിരുന്നു.

Advertisement
Advertisement