ശബരിമല റോഡ് ദേശീപാതയായിട്ടും രക്ഷയില്ല; സംരക്ഷണഭിത്തി ഇടിഞ്ഞുതന്നെ

Tuesday 21 March 2023 12:12 AM IST

റാന്നി : ശബരിമല റോഡ് ദേശീയപാതയായി വികസിക്കുകയാണെങ്കിലും മടത്തുംമൂഴി വലിയതോട്ടിലെ സംരക്ഷണഭിത്തിക്ക് മാറ്റം ഒന്നുമില്ല. ഏതുനിമിഷവും തോട്ടിലേക്ക് പതിക്കാൻ വെമ്പിനിൽക്കുകയാണ് കരിങ്കൽ ഭിത്തി. ശബരിമലയിലേക്കുള്ള പാതയുടെ സംരക്ഷണഭിത്തി അപകടാവസ്ഥയിലായിട്ട് കാലങ്ങളേറെയായി.

പൊതുമരാമത്തു വകുപ്പിൽ നിന്ന് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത റോഡിന്റെ നിർമ്മാണം ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചു. എന്നിട്ടും സുരക്ഷയുടെ ഭാഗമാകേണ്ട സംരക്ഷണഭിത്തി നിർമ്മാണം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. മടത്തുംമൂഴി കൊച്ചുപാലം മുതൽ കൂനങ്കര വരെയുള്ള ഭാഗത്ത് നിരവധിയിടങ്ങളിൽ കൽക്കെട്ട് ഇടിഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ തോട്ടിലേക്ക് വീഴാതിരിക്കാൻ ഇടിതാങ്ങികൾ സ്ഥാപിക്കുന്നുണ്ടെങ്കിലും സംരക്ഷണഭിത്തിയുടെ തകർച്ച പരിഹരിക്കാൻ നടപടിയില്ല.

പലയിടങ്ങളിലും കാടും പടലും മൂടിക്കിടക്കുന്നതിനാൽ അപകടാവസ്ഥ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തോടിന്റെ വശങ്ങളിലെ കാടുതെളിച്ചപ്പോഴാണ് സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. സംരക്ഷണ ഭിത്തിയുടെ അപകടാവസ്ഥ മുമ്പ് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അധികൃതർ നിസംഗത തുടരുകയാണ്.