അപകടങ്ങൾ ഒഴിയാതെ ളാഹ കൊടുംവളവ്

Tuesday 21 March 2023 12:01 AM IST

റാന്നി : ളാഹയിലെ കൊടുംവളവിൽ രണ്ടുദിവസങ്ങളിലായി രണ്ടു വാഹന അപകടങ്ങൾ. ഞായറാഴ്ച വൈകിട്ട് 3.30ന് നിലയ്ക്കൽ പോയി തിരികെ വരുകയായിരുന്ന മേക്കൊഴൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം വളവിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ശബരിമല തീർത്ഥാടകരും രക്ഷാപ്രവർത്തനം വേഗത്തിലാക്കി. അപകടത്തിൽ പരിക്കേറ്റ ഒരാൾ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഇതേസ്ഥലത്തു വടശ്ശേരിക്കര സ്വദേശികൾ സഞ്ചരിച്ച കാർ കയറ്റം കയറുമ്പോൾ നിയന്ത്രണംവിട്ട് കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട കാറിനു മുകളിലേക്ക് പതിച്ചു. ഞായറാഴ്ച അപകടത്തിൽപെട്ട കാർ സംഭവ സ്ഥലത്ത് നിന്ന് നീക്കിയിരുന്നില്ല. അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല. പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യാത്രക്കാരെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാത നവീകരണം തുടങ്ങിയിട്ടും കൊടും വളവ് ഒഴിവാക്കാൻ നടപടികളൊന്നുമില്ല. സ്ഥിരം അപകടമേഖലയായ ഇവിടെ സുരക്ഷാക്രമീകരണങ്ങൾ കാര്യക്ഷമമല്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.

Advertisement
Advertisement