ഏഴംകുളം - കൈപ്പട്ടൂർ റോഡ് പുനർനിർമ്മാണം : നല്ല വഴിക്ക് സർവെ തുട‌ങ്ങി

Tuesday 21 March 2023 12:03 AM IST

കൊടുമൺ : വർഷങ്ങളായി തകർന്നുകിടന്ന ജില്ലയിലെ പ്രധാന പൊതുമരാമത്ത് റോഡായ ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ പുനർനിർമ്മാണത്തിന് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.

ആധുനിക രീതിയിൽ 43 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം ഏറ്റെടുക്കുന്നത്. പ്രധാന പാതകളെ സംബന്ധിച്ച കിഫ്ബിയുടെ പൊതുമാനദണ്ഡ പ്രകാരം പ്രാഥമികമായി പതിമൂന്നര മീറ്റർ വീതിയാണ് നിർദ്ദേശിച്ചിരുന്നത്. ഇത്രയും വീതിയിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് സങ്കീർണ്ണമായ നടപടിക്രമങ്ങൾ ആവശ്യമായതിനാൽ പദ്ധതിക്ക് വീണ്ടും കാലതാമസം നേരിടേണ്ടതായിരുന്നു. എന്നാൽ, കിഫ്ബി ഉന്നത അധികാരികളുമായി കഴിഞ്ഞ മാസം ഡെപ്യൂട്ടി സ്പീക്കറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ റോഡ് വീതി 12 മീറ്റർ ആയി നിജപ്പെടുത്തി തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായി നിർമ്മാണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കോംപസിറ്റ് വ്യവസ്ഥയിലാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്.

രാജി മാത്യു എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.

പദ്ധതിയുടെ നിർമ്മാണ പ്രാഥമിക പ്രവർത്തനമായ ടോട്ടൽ സർവേ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.

ചടങ്ങിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു, ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബാബു ജോൺ, കൊടുമൺ ഗ്രാമപഞ്ചായത്ത് മെമ്പർ വിപിൻ കുമാർ, കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഹാരിസ്.എസ്, അസിസ്റ്റന്റ് എൻജിനിയർ ഫിലിപ്പ്, എ.എൻ.സലിം, കുറുമ്പകര രാമകൃഷ്ണൻ, ജി.രാധാകൃഷ്ണൻ, പ്രസന്നകുമാർ, കമലാസനൻ, എൻ.കെ.ഉദയകുമാർ, രാജേന്ദ്ര കുറുപ്പ് എന്നിവർ പങ്കെടുത്തു.

'' റോഡിന്റെ അലൈൻമെന്റ് വിഭാവനം ചെയ്യുന്നതിനായി നിലവിലുള്ള റോഡ് മദ്ധ്യത്തിൽ നിന്ന് ഇരുവശത്തേക്കുമായി 12 മീറ്റർ വീതി ക്രമീകരിക്കത്തക്ക രീതിയിലാണ് സർവ്വേ നടത്തുന്നത്. അതിർത്തികൾ നിർണയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്.

ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ

43 കോടിയുടെ പദ്ധതി, വീതി 12 മീറ്ററായി കുറച്ചു