പത്തനംതിട്ടയിൽ വനിതാ പൊലീസ് കുറവാണ്

Tuesday 21 March 2023 12:04 AM IST

പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന ജില്ലയിൽ ആവശ്യത്തിന് വനിതാ പൊലീസുകാർ ഇല്ല. നിരവധി തവണ പൊലീസ് സംഘടനകളടക്കം പരാതി നൽകിയെങ്കിലും വനിതാ പൊലീസിന്റെ എണ്ണത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇത് സേനയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജില്ലയിൽ പമ്പ, മൂഴിയാർ സ്റ്റേഷനുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്ത സ്ഥിതിയാണുള്ളത്. സ്ത്രീകളെ അറസ്റ്റുചെയ്യുമ്പോൾ വനിതാ പൊലീസ് നിർബന്ധമാണെന്നിരിക്കെയാണിത്. ജില്ലയിൽ പൊതുവേ സ്ത്രീ പീഡന കേസുകളും പോക്‌സോ കേസുകളും വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്. വനിതാ പൊലീസുകാരുടെ കുറവ് ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. 105 വനിതാ പൊലീസുകാർ വേണ്ട സ്ഥാനത്ത് 87 പേർ മാത്രമാണ് ഉള്ളത്. വനിതാസെല്ലിലും വനിതാ പൊലീസ് സ്റ്റേഷനിലും ഉദ്യോഗസ്ഥരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും സമ്മർദ്ദവും താങ്ങാവുന്നതിലും അപ്പുറമാണ്. പലർക്കും അവധി എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് 60,000 പൊലീസ് ഉദ്യോഗസ്ഥരുള്ളതിന്റെ 10 ശതമാനം മാത്രമാണ് വനിതകൾ. ട്രെയിനിംഗ് പൂർത്തിയാക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് ജില്ലകളിലേക്ക് പോകുന്നതും പത്തനംതിട്ടയിൽ വനിതാ പൊലീസിന്റെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്.

വനിതകളില്ലാത്ത പൊലീസ് സ്റ്റേഷൻ വരെ ജില്ലയിലുണ്ട്. ഒരു വനിത മാത്രം ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനും ഇവിടെയുണ്ട്.

പൊലീസ് അധികൃതർ

പമ്പ, മൂഴിയാർ സ്റ്റേഷനുകളിൽ വനിതാപൊലീസ് ഇല്ല

105 വനിതാ പൊലീസുകാർ വേണ്ടസ്ഥാനത്ത് 87 പേർ മാത്രം

Advertisement
Advertisement