ഉപേക്ഷിച്ച കുടിവെള്ള ടാങ്കിൽ വീണ് ഗർഭിണി പശു; രക്ഷക്കായി ഓടിയെത്തി നാട്ടുകാരും ഫയർഫോഴ്‌സും

Monday 20 March 2023 10:03 PM IST

പാലാ: കിടങ്ങൂർ സൗത്തിൽ കിണറ്റിൽ വീണ ഗർഭിണിയായ പശുവിനെ പാലാ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. രാവിലെ 11 മണിയോടെയാണ് ഗോവിന്ദപുരത്തിന് സമീപം ശരത് ഭവനിൽ നാരായണന്റെ ഉടമസ്ഥതയിലുള്ള പശു കുടിവെള്ളപദ്ധതിയുടെ ടാങ്കിൽ വീണത്. മീനച്ചിലാറിനോട് തൊട്ടുചേർന്നുള്ള ടാങ്കും പമ്പിംഗ് കെട്ടിടവും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. രാവിലെ ആറിനോട് ചേർന്ന സ്ഥലത്ത് തീറ്റ തിന്നുകയായിരുന്ന പശു തുറന്നുകിടന്ന ടാങ്കിലേയ്ക്ക് വീഴുകയായിരുന്നു.

ഹോസും വടവും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പശുവിനെ പുറത്തെത്തിച്ചത്. ഏതാനും ദിവസം മുൻപും സമാനമായ രീതിയിൽ ഉള്ളനാട്ടിൽ പശു കിണറ്റിൽ അകപ്പെട്ടിരുന്നു. അന്ന് കിണറ്റിൽവച്ചു പ്രസവം എടുത്തശേഷമാണ് പശുവിനെ പുറത്തെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ എസ്.കെ ബിജുമോന്റെ നേതൃത്വത്തിൽ ഷാജിമോൻ, അരുൺബാബു, പി മനോജ്, എം.എസ് അനീഷ്, രാഹുൽ, രാജീവ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.