മാലിന്യം വിറ്റ് പണമുണ്ടാക്കുന്ന ലോകത്തിലെ ഏക പാർട്ടി സി.പി.എം: എം.ടി.രമേശ്

Tuesday 21 March 2023 12:09 AM IST
ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റി കോർപ്പറേഷന്റെ ചെറുവണ്ണൂർ മേഖല ഓഫിസിന് മുന്നിൽ നടത്തിയ രാപ്പകൽ നിരാഹാര സമരം എം.ടി രമേശ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : മാലിന്യം വിറ്റ് പണമുണ്ടാക്കുന്ന ലോകത്തിലെ ഏക പാർട്ടി സി.പി.എമ്മാണെന്നും മാലിന്യത്തെക്കാൾ അധപതിച്ചു പോയ മാലിന്യമായി സി.പി.എം മാറിയെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബ്രഹ്മപുരത്തെ വിഷപ്പുക ഞെളിയൻ പറമ്പിൽ ആവർത്തിക്കുമോ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഞെളിയൻ പറമ്പ് ഉൾപ്പെടുന്ന കോർപ്പറേഷന്റെ ചെറുവണ്ണൂർ മേഖല കാര്യാലയത്തിനു മുന്നിൽ നടത്തിയ രാപ്പകൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഭരിക്കുന്ന കോർപ്പറേഷനുകളിൽ മാലിന്യ സംസ്‌കരണത്തിന് വിവാദ കമ്പനിയായ സോണ്ട ഇൻഫോടെക്കിനെ വ്യവസായ മന്ത്രി പി.രാജീവ് ഏൽപ്പിച്ചത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, മണ്ഡലം വൈസ് പ്രസിഡന്റ് സി.സാബുലാൽ എന്നിവരാണ് നിരാഹാരമിരുന്നത്. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ,മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ,ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ നാരങ്ങയിൽ ശശിധരൻ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാമുരളി,സംസ്ഥാന കൗൺസിൽ അംഗം കെ.പി.വേലായുധൻ,ജില്ലാ സമിതി അംഗങ്ങളായ കാളക്കണ്ടി ബാലൻ,ടി.അനിൽകുമാർ,മണ്ഡലം ജനറൽസെക്രട്ടറി അഡ്വ. അശ്വതിസുരാജ്,ഗിരീഷ് മേലേടത്ത്,പി.സി.അനന്തറാം,ഷിബീഷ്.എ.വി,അഖിൽപ്രസാദ്,പി.കെ.അബ്ദുൾമൻസൂർ,യു.സഞ്ജയൻ,എം.വിജിത്ത്,ടി.സബീഷ്‌ലാൽ,രോഹിത്ത് കമ്മലാട്ട്,സോമിത ശശികുമാർ,ദീപ്തി മഹേഷ്,സജീഷ് കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.