വൈദേകം റിസോർട്ട് അധികൃതർ നൽകിയ രേഖകൾ അപൂർണം, വീണ്ടും നോട്ടീസയച്ച് ആദായ നികുതി വകുപ്പ്, 27ന് മുഴുവൻ രേഖകളും നൽകണം
കണ്ണൂർ : എൽ.ഡി.എഫ് കൺവീനർ ഇ,പി. ജയരാജന്റെ ഭാര്യക്കും മകനും ഓഹരിയുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിന് ആദായ നികുതി വകുപ്പ് ടി.ഡി.എസ് വിഭാഗം വീണ്ടും നോട്ടീസ് നൽകി. ഇന്ന് നൽകിയ രേഖകൾ അപൂർണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടി.ഡി.എസിന്റെ നടപടി. നികുതി സംബന്ധമായ മുഴുവൻ രേഖകളും ഈ മാസം 27ന് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നടന്ന റെയ്‌ഡിന്റെ തുടർച്ചയായാണ് രേഖകൾ ആവശ്യപ്പെട്ടത്.
റിസോർട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകൾ ഇന്ന് ഹാജരാക്കാൻ ടി.ഡി.എസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു, വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗം ഈ മാസം രണ്ടിന് റെയ്‌ഡ് നടത്തിയിരുന്നു. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന. അന്ന് ഉദ്യോഗസ്ഥർ കൊണ്ടുപോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകൾ ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നൽകിയ രേഖകൾ അപൂർണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഴുവൻ രേഖകളും ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബ് നൽകിയ പരാതിയിൽ വിജിലൻസ് സംഘം കഴിഞ്ഞദിവസം റിസോർ്ട്ടിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു.