റയലിന് ഇൻജുറി, എൽ ക്ളാസിക്കോയിൽ ബാഴ്സ

Monday 20 March 2023 10:18 PM IST

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബാളിലെ നിർണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ ഇൻജുറി ടൈമിൽ നേടിയ ഗോളിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ച ബാഴ്‌സലോണ കിരീടത്തിലേക്ക് കൂടുതലടുത്തു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് റയലിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ അവസാനം മുതൽ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടുവരെ 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ ഫൈനൽ വിസിലിന് മുമ്പ് ഫ്രാങ്ക് കെസീ നേടിയ ഗോളിനാണ്

ബാഴ്സ വിജയം കണ്ടത്.

ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ ബാഴ്‌സയുടെ സെൽഫ് ഗോളിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. ഒമ്പതാം മിനിട്ടിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് തലകൊണ്ട് തടയാൻ ശ്രമിച്ച ബാഴ്‌സ പ്രതിരോധതാരം റൊണാൾഡ് അരാഹോയുടെ സെൽഫ് ഗോളാണ് റയലിനെ മുന്നിലെത്തിച്ചത്.

. 45-ാം മിനിട്ടിൽ സെർജിയോ റൊബർട്ടോയിലൂടെയാണ് ബാഴ്സ സമനില നേടിയത്. റഫീഞ്ഞ്യോയുടെ ഷോട്ട് റയൽ പ്രതിരോധിച്ചെങ്കിലും റീബൗണ്ട് ചെയ്തുകിട്ടിയ പന്ത് റൊബർട്ടോവലയിലാക്കുകയായിരുന്നു. ആദ്യ പകുതി 1-1 നാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 82-ാം മിനിട്ടിൽ അസെഷ്യോയിലൂടെ റയൽ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനാൽ ഗോൾ നിഷേധിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കേ റയലിനെ ഞെട്ടിച്ചുകൊണ്ട് ബാഴ്‌സ മുന്നിലെത്തി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ഫ്രാങ്ക് കെസീയാണ് ബാഴ്‌സയ്ക്കായി ഗോളടിച്ചത്.

ഈ വിജയത്തോടെ ബാഴ്സലോണ ലീഗ് പട്ടികയിൽ 12 പോയിന്റ് ലീഡിലെത്തി. 26 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായാണ് ബാഴ്‌സ ഒന്നാമതുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്.