ലോകായുക്തയ്ക്കെതിരേ ഹൈക്കോടതിയിൽ ഹർജി

Tuesday 21 March 2023 12:19 AM IST

■ഹർജി ദുരിതാശ്വാസ നിധി കേസിൽ ഉത്തരവിറക്കാത്തതിന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും ഉത്തരവിറക്കാത്തതിന് ലോകായുക്തയ്ക്കെതിരേ ഹൈക്കോടതിയിൽ ഹർജി.

ഉത്തരവിറക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാറാണ് ഹർജി നൽകിയത്. ലോകായുക്ത രജിസ്ട്രാറാണ് എതിർകക്ഷി. ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ , പ്രതികൂല വിധി വന്നാൽ സർക്കാർ പ്രതിസന്ധിയിലാകും. കഴിഞ്ഞവർഷം മാർച്ച് 18നാണ് വാദം തീർന്നത്.വാദത്തിനിടെ, അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് ബന്ധു നിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജി വച്ചത്.

ഓർഡിനൻസിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ബിൽ നിയമമാവാത്തതിനാൽ പതിനാലാം വകുപ്പ് പുന:സ്ഥാപിക്കപ്പെട്ടു. അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത മാറ്റിവയ്ക്കുകയായിരുന്നു.