ആശങ്ക തുടരുന്നു: ചുവപ്പണിഞ്ഞ് സൂചികകൾ

Tuesday 21 March 2023 2:21 AM IST

മുംബയ്: ആഗോള ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി വിട്ടൊഴിയാത്തത് ലോക വിപണിയെ ഇന്നലെ പ്രതികൂലമായി ബാധിച്ചു. ഏഷ്യൻ, യൂറോപ്യൻ വിപണികളെല്ലാം തിരിച്ചടി നേരിട്ടു. രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ബെഞ്ച്മാർക്ക് സൂചികകൾ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് 360.95 പോയിന്റ് കുറഞ്ഞ് 57,628.95 ലും നിഫ്റ്റി 111.65 പോയിന്റ് ഇടിഞ്ഞ് 16,988.40 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞ് 57,084.91 ലെത്തിയിരുന്നു. വൈകീട്ടോടെ നില മെച്ചപ്പെടുത്തി. നിഫ്റ്റി 50-യിൽ 40 ഓഹരികളും നഷ്ടത്തിലാവസാനിച്ചു. 1138 ഓഹരികൾ മുന്നേറുമ്പോൾ 2393 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 125 ഓഹരി വിലകളിൽ മാറ്റമില്ല.

ആഗോള ബാങ്കിംഗ് പ്രതിസന്ധിയിൽ ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിയാത്തത് വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സിൽ ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, ടെക്ക് മഹീന്ദ്ര, എച്ച് സിഎൽ ടെക്ക് എന്നിവ നഷ്ടത്തിലായി.

ടി സി എസ്, പവർ ഗ്രിഡ്, മാരുതി, റിലയൻസ്, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക്, എൻടിപിസി, അൾട്രാ ടെക്ക് സിമന്റ്, എൽ ആൻഡ് ടി എന്നിവയും നഷ്ടത്തിലായിരുന്നു.

ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, കൊട്ടക് ബാങ്ക്, സൺ ഫാർമ, നെസ്‌ലെ എന്നിവയാണ് ലാഭത്തിലെത്തിയത്.

കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപകർ 1,766.53 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപകർ 1,817.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി.