സമവായം അകലെ: പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നലെയും സ്തംഭിച്ചു

Tuesday 21 March 2023 1:23 AM IST

തിരുവനന്തപുരം : പ്രതിപക്ഷവുമായി സമവായത്തിന് സർക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ നീക്കമുണ്ടാകാതിരിക്കെ, പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിൽ ഇന്നലെയും സഭാനടപടികൾ മുങ്ങി.

അടിയന്തര പ്രമേയ നോട്ടീസിലടക്കം അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ ഇടയ്ക്ക് നിറുത്തിവച്ച സഭ,വീണ്ടും

ചേർന്നെങ്കിലും തുടരാനാവാതെ പിരിഞ്ഞു.

രണ്ട് വനിതകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിക്കോ, ചർച്ചയ്ക്ക് പോലുമോ സർക്കാർ തയ്യാറാകാത്തതിനെതിരെ ചോദ്യോത്തരവേള സ്തംഭിപ്പിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ചു. സ്പീക്കർ ചോദ്യോത്തരവേള തുടർന്നെങ്കിലും, പ്രതിഷേധം കനത്തതോടെ 29-ാം മിനിട്ടിൽ നടപടികൾ താത്കാലികമായി നിറുത്തിവച്ചു. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ, 11 മണിക്ക് കാര്യോപദേശകസമിതി യോഗം. വീണ്ടും സഭ ചേർന്നെങ്കിലും സമവായം മുന്നിൽക്കണ്ട് സ്‌പീക്കർ നടത്തിയ റൂളിംഗും ഫലം കണ്ടില്ല.

രാവിലെ 9 :

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എഴുന്നേറ്റു. ചോദ്യത്തിന് മറുപടി നൽകാൻ മന്ത്രി റോഷി അഗസ്റ്റിനെ ക്ഷണിച്ച സ്‌പീക്കർ, ചോദ്യോത്തരവേളയ്ക്ക് ശേഷം സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും സതീശൻ വഴങ്ങിയില്ല. തുടർന്ന്, അദ്ദേഹത്തിന് മൈക്ക് അനുവദിച്ചു.

സഭയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനാൽ സഭാനടപടികളുമായി സഹകരിച്ചുപോകാനാവില്ലെന്ന് സതീശൻ പറഞ്ഞു.

9.01:

പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാനർ ഒഴിവാക്കിയായിരുന്നു തുടക്കത്തിൽ പ്രതിഷേധം. 'മുണ്ടുടത്ത മോദിയുടെ ധിക്കാരത്തിൻ ഭാഷ വേണ്ട, 'മോദി–പിണറായി ഭായി ഭായി', 'മോദി ഭക്തി കൂടുന്നു', 'പിണറായിയെ പേടിയാണോ പേടിക്കല്ലേ സ്പീക്കറേ' 'പിണറായിയുടെ അടിമയാണോ'..എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.

9.15:

ചെയറിന് മുന്നിൽ വന്ന് ബഹളം വയ്ക്കുന്നത് ശരിയല്ലെന്നും, പട്ടിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് തടസം നിൽക്കരുതെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. മന്ത്രി രാധാകൃഷ്ണൻ ബഹളത്തിനിടെ മറുപടി പറഞ്ഞു. സ്‌പീക്കറുടെ മൈക്കിലൂടെ പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യങ്ങളാണ് കൂടുതലും ഉയർന്നു കേട്ടത്.

9.28:

പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ച് 'സ്പീക്കർ നീതി പാലിക്കുക' എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി.

9.29:

ശുദ്ധ മര്യാദകേടാണ് പ്രതിപക്ഷം കാട്ടുന്നതെന്ന് ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ മന്ത്രി സജി ചെറിയാന്റെ കമന്റ്. സുഗമമായി നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാൽ അല്പ നേരത്തേക്ക് സ്പീക്കർ സഭ നിറുത്തിവച്ചു,

11:

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ കാര്യോപദേശക സമിതി യോഗം

11.27:

സഭ വീണ്ടും ചേർന്നു. സ്പീക്കറുടെ റൂളിംഗ്

11.37:

റൂളിംഗിൽ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങൾ വീണ്ടും നടുത്തളത്തിൽ

11.49:

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി, സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു.

Advertisement
Advertisement