നിയമസഭാ സമ്മേളനം 30 വരെ തുടരും

Tuesday 21 March 2023 2:24 AM IST

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തുടരുകയാണെങ്കിലും, നിയമസഭാ സമ്മേളനം നേരത്തേ നിശ്ചയിച്ചത് പ്രകാരം ഈ മാസം 30 വരെ തുടരാൻ കാര്യോപദേശക സമിതിയിൽ ധാരണയായി. സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്ന കേരള പൊതുജനാരോഗ്യ ബിൽ 29ന് ചർച്ച ചെയ്ത് പാസാക്കും.ധനാഭ്യർത്ഥന ചർച്ച രണ്ട് ദിവസം കൂടിയുണ്ട്. ധനകാര്യബില്ലുകളുടെ അവതരണം 23 ന് നടക്കും. അന്ന് സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗതി ബിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും.

27ന് ധനവിനിയോഗ ബിൽ അവതരിപ്പിക്കും. 28ന് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള ധനകാര്യ ബില്ലുകൾ പാസാക്കും. 30ന് കേരള പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളും കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗതി ബില്ലും പാസാക്കി സഭ പിരിയും.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാര്യോപദേശകസമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. പത്ത് മിനിറ്റേ യോഗം നീണ്ടുള്ളൂ. അതേസമയം, പ്രതിപക്ഷത്തിന്റെ നിസ്സഹകരണം തുടർന്നാൽ സഭാനടപടികൾ വെട്ടിച്ചുരുക്കാൻ നിർബന്ധിതമായേക്കും.