അവകാശങ്ങൾ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനില്ല: പ്രതിപക്ഷം

Tuesday 21 March 2023 1:25 AM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ വിട്ടുകൊടുത്തുള്ള ഒരു കീഴടങ്ങലിനുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് സൗകര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനല്ല പ്രതിപക്ഷം സഭയിൽ വരുന്നത്.

പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറല്ലെന്ന് സർക്കാർ നിലപാടെടുത്ത സാഹചര്യത്തിൽ നിയമസഭാ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ല. പൊലീസിനെ വിട്ട് രാഹുൽഗാന്ധിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച മോദിയുടെ അതേശൈലിയിലാണ് പിണറായിയും എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമാവാമെന്നാണ് സർക്കാർ വെള്ളിയാഴ്ച അറിയിച്ചിരുന്നത്. ഇന്നലെ സ്പീക്കർ നൽകിയ റൂളിംഗിൽ അവ്യക്തതയാണ്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട റൂൾ 50 കഴിഞ്ഞ കാലഘട്ടങ്ങളിലെ പോലെ നിലനിർത്തണമെന്നതാണ് പ്രതിപക്ഷ ആവശ്യം. പഴയതു പോലെ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാട് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചു. ഒരു കാരണവും ഇല്ലാതെ കൃത്യമായ റൂൾ പോലും ഉദ്ധരിക്കാതൊണ് നാല് അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിക്കളഞ്ഞത്.

സഭാ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കുമെന്ന സ്പീക്കറുടെ റൂളിംഗിനെയും ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായപ്പോയെന്ന് സ്പീക്കർ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയില്ല. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി,മോൻസ് ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement