ഗ്രാൻഡായി ആൻസി
തിരുവനന്തപുരം : കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ഈ സീസണിലെ ആദ്യ ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക് മകറ്റിൽ വനിതകളുടെ ലോംഗ് ജമ്പിൽ സ്വർണം നേടി മലയാളി താരം ആൻസി സോജൻ. 200 മീറ്ററിൽ അന്താരാഷ്ട്ര താരം ഹിമ ദാസ് പൊന്നണിഞ്ഞപ്പോൾ 800 മീറ്ററിൽ ഏഷ്യൻ ഗെയിംസ് യോഗ്യത മറികടന്ന് ഹരിയാനയുടെ കൃഷൻ കുമാറും താരമായി.
വനിതകളുടെ ലോംഗ്ജമ്പിൽ 6.49 മീറ്റർ ചാടിയാണ് ആൻസി സ്വർണത്തിൽ മുത്തമിട്ടത്. തന്റെ ആദ്യ ശ്രമത്തിൽ 6.29 മീറ്റർ കണ്ടെത്തിയ ആൻസി തുടർന്ന് 6.41മീറ്റർ, 6.39 മീറ്റർ, 6.09 മീറ്റർ പന്നിങ്ങനെ ചാടിയാണ് അഞ്ചാം ശ്രമത്തിൽ സ്വർണദൂരമായ 6.49 മീറ്ററിലെത്തിയത്. ആദ്യ ചാട്ടത്തിൽ കണ്ടെത്തിയ 6.29 മീറ്ററാണ് അവസാനചാട്ടത്തിലും ആൻസി കണ്ടെത്തിയത്. ആൻസിക്കല്ലാതെ മറ്റാർക്കും 6 മീറ്റർ മാർക്ക് മറികടക്കാനും കഴിഞ്ഞില്ല. രണ്ടാമതെത്തിയ സാന്ദ്രാ ബാബുവിന് 5.93 മീറ്ററാണ് ചാടാൻ കഴിഞ്ഞത്. ആദ്യ ശ്രമത്തിൽ 5.92 മീറ്റർ ചാടിയ സാന്ദ്ര അവസാന ശ്രമത്തിലാണ് 5.93ലെത്തിയത്.
പുരുഷന്മാരുടെ 800 മീറ്ററിൽ ഹരിയാനയുടെ കൃഷൻ കുമാർ ഒരു മിനിട്ട് 47.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും നേടിയത്. കൃഷൻ കുമാറിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച സമയമാണ് കാര്യവട്ടത്ത് കുറിച്ചത്. ഒരു മിനിട്ട് 50.56 സെക്കൻഡിൽ മഹാരാഷ്ട്രയുടെ പ്രകാശ് ഗഡാഡെ രണ്ടാമതെത്തി.
വനിതകളുടെ 200 മീറ്ററിൽ 23.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമ സീസണിലെ പോരാട്ടത്തിന് തുടക്കമിട്ടത്. ട്രാക്കിൽ വലിയ എതിർപ്പില്ലാതെ ഓടിയ ഹിമയ്ക്ക് പിന്നിൽ 24.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മഹാരാഷ്ട്രയുടെ ഐശ്വര്യ കൈലാഷ് വെള്ളി നേടി. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ മലയാളി താരം വി.കെ വിസ്മയയ്ക്കാണ് വെങ്കലം. 24.82 സെക്കൻഡിലാണ് വിസ്മയ ഓടിയെത്തിയത്.
പുരുഷന്മാരുടെ ലോംഗ്ജമ്പിൽ 7.58 മീറ്റർ ചാടി കേരളത്തിന്റെ നിർമ്മൽ സാബു ഒന്നാമതെത്തിയപ്പോൾ 7.27 മീറ്റർ ചാടിയ കർണാടകയുടെ സിദ്ധാർത്ഥ് മോഹൻ നായ്ക്കിന് രണ്ടാം സ്ഥാനം ലഭിച്ചു. 7.25 മീറ്റർ കണ്ടെത്തിയ കേരളത്തിന്റെ വിനോദ്കുമാർ യുവ്‌രാജിനാണ് വെങ്കലം. പുരുഷ 400 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിനായി ഇറങ്ങിയ ടി .സന്തോഷ് കുമാർ 52.02 സെക്കൻഡിൽ സ്വർണത്തിലെത്തിയപ്പോൾ ഹരിയാനയുടെ വിജയ് മാലിക്ക് വെള്ളിയും കേരളത്തിന്റെ അഖിൽ ബാബു വെങ്കലവും നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ ഡെൽന ഫിലിപ്പിനാണ് സ്വർണം. 1 മിനിട്ട് 01.58 സെക്കൻഡിലാണ് ഡെൽന ഫിനിഷ് ചെയ്തത്. തമിഴ്നാടിന്റെ പവിത്ര രണ്ടാമതെത്തി.
പുരുഷന്മാരുടെ 100,200 മീറ്ററുകളിൽ മാൽദീവ്സിൽ നിന്ന് മത്സരിക്കാനെത്തിയ ഹസൻ സെയ്ദാണ് സ്വർണം നേടിയത്. 100 മീറ്ററിൽ 10.67 സെക്കൻഡിലും 200മീറ്ററിൽ 21.66 സെക്കൻഡിലുമാണ് ഹസൻ ഫിനിഷ് ചെയ്തത്. 100 മീറ്ററിൽ ഒഡിഷയുടെ അമിയ കുമാർ മല്ലിക്കും 200 മീറ്ററിൽ പഞ്ചാബിന്റെ മനീന്ദർ സിംഗും രണ്ടാമതെത്തി.
വനിതകളുടെ ഹൈജമ്പിൽ 1.76 മീറ്റർ ചാടി ഹരിയാനയുടെ റുബിന യാദവ് സ്വർണം നേടി. പുരുഷ ഹൈജമ്പിൽ 2.16 മീറ്റർ ചാടിയ കർണാടകയുടെ ജെസി സന്ദേശ് സ്വർണം നേടിയപ്പോൾ കേരളത്തിന്റെ ടി.ആരോമൽ(2.10 മീ) വെള്ളിയും അഫ്നാൻ മുഹമ്മദ് സബിൻ (2മീ) വെങ്കലവും നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ മീറ്റർ ചാടിയ തമിഴ്നാടിന്റെ മുഹമ്മദിനാണ് സ്വർണം. ജാവലിനിൽ ഒഡിഷയുടെ കിഷോർകുമാർ ജെന 81.05 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. വനിതകളുടെ ഷോട്ട് പുട്ടിൽ 16.23 മീറ്റർ എറിഞ്ഞ ഹരിയാനയുടെ മൻപ്രീത് കൗറിനാണ് സ്വർണം.
ഇന്ത്യൻ ഗ്രാൻപ്രീയുടെ രണ്ടാം പാദം വ്യാഴാഴ്ച ഇതേ വേദിയിൽ നടക്കും.