മുദ്രപത്രം ഓൺലൈനിലേക്ക്; വെണ്ടർമാർക്ക് ആശങ്കകളുടെ ഇ- സ്റ്റാമ്പിംഗ്, തൊഴിൽനഷ്ടം ആശങ്ക

Tuesday 21 March 2023 1:28 AM IST

കൊച്ചി: ഏപ്രിൽ ഒന്നു മുതൽ മുദ്രപത്രങ്ങൾ ഓൺലൈൻ (ഇ - സ്റ്റാംമ്പിംഗ്) ആകുമ്പോൾ തൊഴി​ൽ നഷ്ടപ്പെടുമെന്ന ആശങ്കയി​ൽ വെണ്ടർമാർ. ഓൺലൈൻ ആയി മുദ്രപത്രങ്ങൾ വാങ്ങാമെങ്കിലും വില്പനാവകാശവും അത് പ്രിന്റെടുത്ത് നൽകാനുള്ള അവകാശവും വെണ്ടർമാർക്ക് നൽകണം, ഓൺലൈൻ മുദ്രപത്രത്തിൽ ഡിജിറ്റൽ സൈൻ പാടില്ല, വെണ്ടറുടെ ലൈസൻസ് നമ്പർ വേണം, ഓഫ്‌ലൈൻ മുദ്രപത്രങ്ങൾ ഒറ്റയടിക്ക് നിർത്താൻ പാടില്ല തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചി​രി​ക്കുകയാണ് വെണ്ടർമാർ. ഇവ അംഗീകരി​ക്കുന്നതി​ന് നി​യമ തടസമുണ്ടെന്ന് സർക്കാർ അറി​യി​ച്ചി​ട്ടുണ്ടെങ്കി​ലും ആവശ്യങ്ങളി​ൽ നി​ന്ന് പി​ന്നോട്ടി​ല്ലെന്ന നി​ലപാടി​ലാണി​വർ.

സംസ്ഥാനത്തൊട്ടാകെയുുള്ള വെണ്ടർമാരുടെ തൊഴിലി​നെ പുതി​യ മാറ്റം ബാധി​ക്കുന്ന സ്ഥി​തി​യാണ്. നിലവിൽ എറണാകുളം ജില്ലയിൽ 400നടുത്ത് വെണ്ടർമാരുണ്ട്. വെണ്ടർമാരുടെ ഭാവി എന്താകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നതും ആശങ്കയേറ്റുന്നു.

കമ്മി​ഷനും വരുമാനവും നിലയ്ക്കും


നിലവിൽ ഓരോ വിലയുടെ മുദ്രപ്പത്രത്തിനും വെണ്ടർക്ക് കമ്മി​ഷനുണ്ട്. 100- 1,000വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് 4ശതമാനവും 1,000 മുതൽ 10,000 വരെയുള്ള പത്രങ്ങൾക്ക് 2.5ശതമാനവും 10,000 മുതൽ മുകളിലേക്കുള്ള പത്രങ്ങൾക്ക് 2 ശതമാനവും കമ്മി​ഷനാണ് ഇപ്പോൾ ഇവർക്ക് ലഭിക്കുന്നത്. മുദ്രപത്രം ഓൺലൈൻ ആക്കുന്നതോടെ ഇതില്ലാതെയാകും. മുദ്രപത്രങ്ങളുടെ കമ്മി​ഷൻ 7 മുതൽ 10ശതമാനം വരെ വർദ്ധിപ്പിക്കണമെന്ന 30വർഷത്തിലേറെയായുള്ള ആവശ്യത്തിനും ഇതോടെ അറുതിയാകും. വാടക കരാർ ഉൾപ്പെടെ വ്യക്തികൾ സ്വന്തം നിലയ്ക്ക് ചെയ്യുന്നതോടെ തൊഴിൽ നഷ്ടം ഉറപ്പ്.

ആവശ്യങ്ങളുമായി ആധാരമെഴുത്തുകാരും?

വെണ്ടർമാർക്ക് പുറമേ ആധാരമെഴുത്തുകാരും ആവശ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ താഴെ വരുന്ന രജിസ്‌ട്രേഷൻ നടപടികൾക്കുള്ള പത്രങ്ങൾ ആധാരമെഴുത്തുകാരിലൂടെ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

വ്യക്തതയി​ല്ലാതെ സർക്കാർ ഉറപ്പുകൾ

ഇ-സ്റ്റാമ്പിംഗ് വരുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വെണ്ടർമാർക്ക് വേണ്ടെന്ന സർക്കാർ ഉറപ്പ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. വെണ്ടർമാർക്ക് അവരുടെ പരിധിയിലുള്ള ഇ-സ്റ്റാമ്പിംഗ് കൈകാര്യം ചെയ്യാം, വെണ്ടർമാർ മുഖേന മാത്രമേ ഇ-സ്റ്റാമ്പിംഗ് നടത്താൻ കഴിയൂ, ഇതിനായി ഇ-ട്രഷറിയിൽ സ്റ്റാമ്പ് വെണ്ടർ മാനേജ്മെന്റ് സിസ്റ്റം ഒരുക്കും എന്നീ ഉറപ്പുകളായിരുന്നു സർക്കാർ നേരത്തെ നൽകിയിരുന്നത് എന്നാൽ ഇതൊന്നും സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല.

Advertisement
Advertisement