ഇല്ലിക്കൽ ക്ഷേത്രത്തിൽ മെഗാതിരുവാതിരയുമായി വനിതാ കൂട്ടായ്മ
കൊച്ചി: ഇല്ലിക്കൽ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇല്ലിക്കൽ ശ്രീ അർദ്ധനാരീശ്വര വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടക്കും. മൂന്നാം ഉത്സവദിനമായ 29ന് തിരുവാതിര നാളിലാണ് 300 വനിതകൾ അണിനിരക്കുന്ന പരിപാടി. ഒരുമണിക്കൂർ നീണ്ടു നിൽക്കും.
കുട്ടികളുടെ കൈകൊട്ടിക്കളിയും കോൽകളിയും ഇതിനൊപ്പം നടക്കും. കുമ്പളങ്ങി സൗത്ത്, നോർത്ത് സെൻട്രൽ ഭാഗങ്ങളിൽ നിന്നുള്ള 18 തിരുവാതി സംഘങ്ങളിലെ 5 മുതൽ 60 വയസിന് മുകളിലുള്ളവരാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. മെഗാതിരുവാതിരയ്ക്ക് പുറമെ ഗുരുദേവ കൃതികളെ ആധാരമാക്കിയുള്ള തിരുവാതിരയും കുട്ടികൾക്കായി ഗുരുസ്തവം ആധാരമാക്കിയുള്ള തിരുവാതിരയും നടക്കും.
ധനുമാസത്തിലെ തിരുവാതിര നാളിൽ എല്ലാവർഷവും തിരുവാതിര നടത്താനാണ് തീരുമാനം. രണ്ട് മാസമായി തിരുവാതിര പരിശീലനം ആരംഭിച്ചിട്ട്. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാവരും ക്ഷേത്രത്തിൽ ഒത്തുകൂടി പരിശീലനം നടത്തും. ബാക്കി ദിവസങ്ങളിൽ അതത് തിരുവാതിര സംഘങ്ങളുടെ നേതൃത്വത്തിലാണ് പരിശീലനം. 300 പേരെന്നുള്ളത് വരും വർഷങ്ങളിൽ വർദ്ധിപ്പിക്കാനും തീരുമാനമുണ്ടെന്ന് കൂട്ടായ്മയുടെ സംഘാടകയായ നിഷ അനിൽ പറഞ്ഞു.