കളി​ക്കാം, ചി​രി​ക്കാം ... ശാസ്ത്രത്തെ അടുത്തറി​യാം

Tuesday 21 March 2023 1:32 AM IST
ശാസ്ത്രത്തെ അടുത്തറി​യാം

കൊച്ചി: സയൻസ് പാർക്ക്, ഔഷധ സസ്യ ഉദ്യാനം, ചിത്രശലഭ ഉദ്യാനം, ഐ.എസ്.ആർ.ഒ പവലിയൻ, സയൻസ് പവലിയൻ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ, മാത്‌സ് ലാബ്, കുട്ടികൾക്കുള്ള ശാസ്ത്ര ഗ്രന്ഥശാല തുടങ്ങി​യ ശാസ്ത്ര കൗതുകങ്ങൾ കുട്ടികൾക്ക് മുന്നി​ൽ മി​ഴി​തുറക്കുകയാണ് കുസാറ്റി​ൽ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി-സിസ്) ആണ് ശാസ്ത്രത്തിന്റെ വൈവി​ദ്ധ്യമാർന്ന മേഖലകൾ അനുഭവിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത്.

അടുത്ത അദ്ധ്യയനവർഷം അഞ്ചാം ക്ലാസുമുതൽ പത്താംക്‌ളാസുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ മാസത്തിൽ 8.30 മുതൽ 12.30 വരെയുള്ള ബാച്ചും, 10.30 മുതൽ 3.30 വരെയുമുള്ള രണ്ട് ബാച്ചുകളിലായാണ് ക്ലാസ്. ജൂനിയർ സീനിയർ എന്നീ രണ്ടു വിഭാഗത്തിലായിരിക്കും ക്ലാസുകൾ. മേയ് മാസത്തിൽ 10.30 മുതൽ 3.30 വരെയുള്ള ഒരു ബാച്ചായിരിക്കും ഉണ്ടാവുക. കുട്ടികൾക്ക് സ്‌കൂളുകളിൽ നിന്ന് പൊതുവെ ലഭ്യമാകാൻ സാദ്ധ്യതയില്ലാത്ത ശാസ്ത്ര അറിവുകൾക്കും പ്രയോഗിക പരിജ്ഞാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിദഗ്ദ്ധർ അടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. പഠനോപകരണങ്ങൾ സഹിതം 7,500 രൂപയാണ് ഫീസ്.

വിവിധ ലാബുകളും പാർക്കുകളുമായി ശാസ്ത്രത്തെ കളികളിലൂടെ പറഞ്ഞു നൽകുകയാണ് സി-സിസ്.

സി​സോയി​ൽ കളി​ക്കാം, ഉൗയലാടാം

കേന്ദ്രത്തിലെ സയൻസ് പാർക്കിലെ ഊഞ്ഞാലാടുന്നതിലൂടെ സിംപിൾ പെൻഡുലവും സീസോയിലൂടെ ഉത്തോലകവും വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചെറു മോഡലും ഇവിടെയുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ആസ്‌ട്രോലാബ്, കമ്പ്യൂട്ടർ, മാത്‌സ് ലാബുകളിലൂടെ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ പരീക്ഷണങ്ങൾ അടുത്തറിയാനും നിരീക്ഷിക്കാനുമാകും. ഒപ്പം വായന ശീലം, എഴുത്തുശീലം, സയനസ് കമ്മ്യൂണിക്കേഷൻ എന്നിവയും ക്ലാസുകളിൽ പഠിപ്പിക്കും. ആദ്യം അപേക്ഷിക്കുന്നവർക്കായിരിക്കും സീറ്റ് ലഭിക്കുക.

താത്പര്യമുള്ളവർക്ക് ഡയറക്ടർ, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, കൊച്ചി യൂണിവേഴ്‌സിറ്റി. പി.ഓ, കൊച്ചി 682 022. ഫോൺ​: 9188219863. ഇമെയിൽ csiscusat@gmail.com.

Advertisement
Advertisement