കോസ്റ്റൽ അതോറിറ്റി പുന:സംഘടന ഒരാഴ്ചയ്ക്കകം: കേന്ദ്രമന്ത്രി
Tuesday 21 March 2023 1:32 AM IST
കൊച്ചി: കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടി ഒരാഴ്ചയ്ക്കകം പുന:സംഘടിപ്പിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ഭുപീന്ദർ യാദവ് ഹൈബി ഈഡൻ എം പിയെ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 28ന് കാലാവധി കഴിഞ്ഞ അതോറിട്ടി പുന: സംഘടന, സംസ്ഥാന സർക്കാർ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നതിലെ കാലതാമസം മൂലമാണ് നീണ്ടുപോയത്. തീരദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടത് അതോറിട്ടിയാണ്. ലൈഫ് ഭവന പദ്ധതി, പ്രാധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് പോലും നിർമ്മാണം നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും അതോറിട്ടി ഉടൻ പുന:സംഘടിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.