മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷനേടാൻ നീർച്ചാലുകൾ വീണ്ടെടുക്കും (ജലദിനം നാളെ)

Tuesday 21 March 2023 12:39 AM IST

പത്തനംതിട്ട : മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമുണ്ടായാൽ, വെള്ളത്തിന് സുഗമമായി ഒഴുകുന്നതിന് സൗകര്യമൊരുക്കാൻ കർമ്മ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ 15 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും നീർച്ചാലുകൾ കണ്ടെത്താനും നവീകരിച്ച് സംരക്ഷിക്കാനുമാണ് പദ്ധതി. ആദ്യഘട്ടമായി ജിയോഗ്രാഫിക് സർവേ പുരോഗമിക്കുന്നു. റാന്നി, പഴവങ്ങാടി പഞ്ചായത്തുകളിലാണ് നിലവിൽ നീർച്ചാൽ സർവേ നടന്നുവരുന്നത്. മലയാലപ്പുഴ, മൈലപ്ര, പ്രമാടം, കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിൽ ജിയോഗ്രാഫിക് മാപ്പിംഗ് പൂർത്തിയായി. ജിയോ മാപ്പിംഗിൽ കണ്ടെത്താനാകാത്ത ഭാഗങ്ങളിൽ നേരിട്ട് ചെന്ന് സർവെ നടത്തി നീർച്ചാലുകളുടെ ഗതിയും നീളവും വീതിയും കണ്ടെത്തും. മേയ് ആദ്യവാരത്തോടെ സർവേ പൂർത്തിയായാൽ വിവിധ വകുപ്പുകളുട‌െ സഹകരണത്തോടെ നീർച്ചാലുകൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ഹരിതകേരളം മിഷനാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്.

മഴക്കാലത്ത് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടാകുമ്പോൾ വെള്ളം ഗതിമാറി ഒഴുകി വീടുകൾ മുങ്ങുന്നത് ഒഴിവാക്കാൻ നീർച്ചാലുകൾ സഹായിക്കുമെന്നാണ് നിഗമനം. നീർച്ചാലുകളുടെ ആഴവും വീതിയും വളവും തിരിവുമെല്ലാം വീണ്ടെടുക്കാനാണ് ശ്രമം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. മലയോര മേഖലയിൽ സർവേ നടത്തുന്നതിന് വനംവകുപ്പിന്റെ സഹായം തേടും. സർവേ പൂർത്തിയായ മലയോര പഞ്ചായത്തുകളിൽ കാടിനുള്ളിലൂടെ ഒഴുകുന്ന ചാലുകളുടെ ഗതി തീരങ്ങളിലൂടെ നടന്ന് കണ്ടെത്തും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടികളിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിതകേരളം മിഷന് പുറമേ ജലസേചന വകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളാണ് നീർച്ചാൽ വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമാകുന്നത്.

ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ കഴിഞ്ഞ വർഷങ്ങളിൽ വെള്ളം കയറി വീടുകൾ തകർന്ന സംഭവങ്ങളേറെയായിരുന്നു. നീർച്ചാലുകളിൽ ഒഴുക്കിന്റെ ഗതി നഷ്ടമായി വെള്ളം സമീപ വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു. നീർച്ചാലുകൾ വീണ്ടെടുത്ത് തീരങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്.

'' ആദ്യഘട്ടത്തിൽ 15 പഞ്ചായത്തുകളെയും പത്തനംതിട്ട നഗരസഭയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലവെള്ളം നീർച്ചാലുകളിലൂടെ ഒഴുക്കി വിടുകയാണ് ലക്ഷ്യം.

അനിൽകുമാർ, ഹരിതകേരളം മിഷൻ

പദ്ധതി 15 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും

5 പഞ്ചായത്തുകളിൽ സർവേ പൂർത്തിയായി