കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ ഉദ്ഘാടനം ചെയ്തു

Tuesday 21 March 2023 2:52 AM IST

കൊച്ചി: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിന്റെ (ടി.ആർ.ഐ.എൻ.എസ്.) പുതിയ കാമ്പസ്‌ കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ എറണാകുളം പൂക്കാട്ടുപടിയിൽ ഉദ്ഘാടനം ചെയ്തു. ടി.ആർ.ഐ.എൻ.എസ്. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും ചെയർമാനുമായ ജോർജ് തോമസ്,​ എക്സിക്യൂട്ടിവ് ഡയറക്ടർ സപ്നു ജോർജ്,​ഡയറക്ടർ ജി.വിജയരാഘവൻ, ഡയറക്ടർ ഒഫ് അക്കാദമിക്സ് റിച്ചാർഡ് ഹില്ലേബ്രാൻഡ്, കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കരോൾ ടോത്ത്, ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, അഡ്വ ഗോകുൽ തമ്പി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കെ.ജി. മുതൽ 5 വരെ ഗ്രേഡുകളിൽ ഐ.ബി. പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാം (പി.വൈ.പി)​, ഗ്രേഡ് 6 മുതൽ 10 വരെ കേംബ്രിഡ്ജ് ഇന്റർനാഷണൽ (ഐ.ജി.സി.എസ്.ഇ),​ ഗ്രേഡ് 11,​ 12ൽ ഐ.ബി. ഡിപ്ലോമ പ്രോഗ്രാം (ഡി.പി) ആണ് സ്കൂൾ പിന്തുടരുന്നത്. 12.5 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂൾ കാമ്പസിൽ ഇപ്പോൾ പ്രീ-കെജി മുതൽ എട്ട് വരെ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ പാഠ്യപദ്ധതി മാത്രം പിന്തുടരുന്ന കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ ട്രിൻസ് ഗ്രൂപ്പ്‌ ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏറ്റെടുത്ത ചാർട്ടർ സ്കൂളിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് സൗകര്യങ്ങൾക്ക് പുറമെ, 4 സ്വിമ്മിംഗ് പൂൾ, ഫുട്ബോളിനും അത്‌ലറ്റിക്സിനുമുള്ള സ്പോർട്സ് ഫീൽഡ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, ടെന്നീസ് കോർട്ടുകൾ എന്നിങ്ങനെയുള്ള സ്‌പോർട്സ് സൗകര്യങ്ങളുമുണ്ട്.