അനുനയവും റൂളിംഗും : പ്രതിപക്ഷം ഇടഞ്ഞു തന്നെ

Tuesday 21 March 2023 12:50 AM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് വിട്ടുവീഴ്ചാസ്വരത്തിൽ സ്പീക്കർ റൂളിംഗ് നൽകുകയും, സർക്കാരിൽ നിന്ന് അനുനയ സന്ദേശങ്ങളുണ്ടാവുകയും ചെയ്തെങ്കിലും പ്രതിപക്ഷം ഇടഞ്ഞുതന്നെ നിൽക്കുന്നു.

പ്രതിപക്ഷ പ്രതിഷേധത്താൽ സഭാനടപടികൾ അലങ്കോലമായാലും, സമ്മേളനം വെട്ടിച്ചുരുക്കി പിന്മാറേണ്ടെന്ന നിലപാടിലാണ് ഭരണപക്ഷം. 30വരെ സമ്മേളനം തുടരാൻ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ചേർന്ന കാര്യോപദേശകസമിതി യോഗം തീരുമാനിച്ചത് ഇതിനാലാണ്. പ്രതിഷേധമുണ്ടായാൽ ചർച്ച കൂടാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും നീക്കം. പൊതുജനാരോഗ്യ ബിൽ ഉൾപ്പെടെ ചില സുപ്രധാന നിയമനിർമാണങ്ങൾ വേണ്ടതിനാലാണ് സമ്മേളനം 30വരെ തുടരുന്നത്.

സ്പീക്കറോ മുഖ്യമന്ത്രിയോ നേരിട്ടിടപെട്ടുള്ള സമവായ ചർച്ചയ്ക്ക് തയാറാവാതെ തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തത ലഭിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. അടിയന്തരപ്രമേയ നോട്ടീസിന്റെ കാര്യത്തിൽ പഴയ നിലപാട് തുടരാനാവില്ലെന്ന് കഴിഞ്ഞ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതിനാൽ, അവകാശം സംരക്ഷിക്കുമെന്നുള്ള സ്പീക്കറുടെ ഉറപ്പിലും അവ്യക്തതയുണ്ടെന്നാണ് അവർ കരുതുന്നത്. ഇന്നും സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നേക്കും.

ഇന്നലെ രാവിലെ സ്പീക്കറുടെ ഓഫീസിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വിളിച്ച്, ഇന്നലെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ, ഇന്നലെ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിച്ച ശേഷം നാളെ വീണ്ടും നിഷേധിച്ചാലത് ക്ഷീണമാകുമെന്ന് പ്രതിപക്ഷം വിലയിരുത്തി. മാത്രമല്ല, സ്പീക്കർ നേരിട്ട് പ്രതിപക്ഷ നേതാവിനെ വിളിച്ചതുമില്ല

കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിനോട് പറയണമെന്നും, അവിടെവച്ച് കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും ഇതിനിടയിൽ മന്ത്രി കെ. രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ കണ്ട് പറഞ്ഞു. പ്രതിപക്ഷ നേതാവിനോടും കക്ഷി നേതാക്കളോടും സംസാരിക്കാമെന്ന് തിരുവഞ്ചൂർ മറുപടി നൽകിയെങ്കിലും, പിന്നീട് പ്രതികരണങ്ങളുണ്ടായില്ല. സർക്കാർ നിഷേധ നിലപാട് തുടരുന്ന സ്ഥിതിക്ക് ഒന്നിനോടും സഹകരിക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനമെടുത്തിരുന്നു.