ലൈഫ് മിഷൻ കോഴ: സന്തോഷ് ഈപ്പൻ അറസ്റ്റിൽ

Tuesday 21 March 2023 4:01 AM IST

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ കരാറുകാരനായ യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം രാത്രി 9.45 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വടക്കാഞ്ചേരിയിൽ പ്രളയ ബാധിതർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ ദുബായിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ 4.5 കോടി കോഴ നൽകിയെന്ന ഇ.ഡി. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ഡോളറാക്കി മാറ്റിയ കോഴ കള്ളപ്പണമായി നൽകിയെന്നാണ് കേസ്. ഇതിൽ ഒരു പങ്ക് വിദേശത്തേക്കും കടത്തി. കോഴ നൽകിയതായി സന്തോഷ് ഈപ്പൻ ഇ.ഡി.ക്കും സി.ബി.ഐക്കും മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നേരത്തെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നു.