ഫയൽ കടത്തിയ കൗൺസിലർക്കെതിരെ കേസ്

Tuesday 21 March 2023 12:11 AM IST

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസിൽനിന്ന് ഫയലുകൾ കടത്തിയ സംഭവത്തിൽ യു.ഡി.എഫ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. കതൃക്കടവ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലിനെതിരെ കോർപ്പറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദറിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സി.സി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണശാലയ്ക്ക് തീപിടിത്തമുണ്ടായ ദിവസമാണ് രേഖകൾ കടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് പ്രവർത്തനസമയം കഴിഞ്ഞാണ് കൗൺസിലറെത്തി രേഖകൾ കൈക്കലാക്കി കടന്നത്. ചില രേഖകളുടെ പകർപ്പുമെടുത്തു. ഇവയെല്ലാം സി.സി ടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഈ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ബ്രഹ്മപുരം വിഷയത്തിൽ നഗരസഭ ഹൈക്കോടതിക്ക് നൽകാൻ തയ്യാറാക്കിയ രേഖകളാണ് കൊണ്ടുപോയതെന്ന് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.