താമരയും മത ചിഹ്നമെന്ന് സുപ്രീം കോടതിയിൽ ലീഗ്

Tuesday 21 March 2023 12:00 AM IST

ന്യൂ ഡൽഹി : താമര മത ചിഹ്നമാണെന്ന വാദമുയർത്തി മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ. മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്‌ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ബി.ജെ.പിയെ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് ഈ വാദമുന്നയിച്ചത്.

ഹിന്ദു-ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട മതചിഹ്നമാണ് താമര. ഹിന്ദു വിശ്വാസ പ്രകാരം വിശുദ്ധ താമരയുടെ ആത്മാംശം ഓരോ മനുഷ്യന്റെയും ഉളളിലുണ്ട്. താമരയെ വിശുദ്ധിയുടെയും ജീവന്റെയും അനശ്വരതയുടെയും അടയാളമായിട്ടാണ് കാണുന്നത്. സ്ത്രീകളുടെ അഴകിനെ, പ്രത്യേകിച്ചും കണ്ണുകളുടേത് താമരയോടാണ് ഉപമിച്ചിരിക്കുന്നത്. വിഷ്‌ണു, ബ്രഹ്‌മാവ്, ശിവൻ, ലക്ഷ്‌മി ദേവീദേവന്മാർ താമരയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ബുദ്ധമതത്തിലാണെങ്കിൽ, മനുഷ്യന്റെ ഉന്നതമായ ആത്മീയ നിലയെയാണ് താമര സൂചിപ്പിക്കുന്നതെന്നും ലീഗ് വ്യക്തമാക്കി.

മതചിഹ്നവും പേരും ഉപയോഗിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനെ നേരത്തേ കേസിൽ കക്ഷിയാക്കിയിരുന്നു. ഇത്തരത്തിലുളള ശിവസേന, ശിരോമണി അകാലിദൾ അടക്കം മറ്റ് 27 രാഷ്‌ട്രീയ പാർട്ടികളെയും കക്ഷിയാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വോട്ട് കിട്ടാൻ മതപരമായ ചിഹ്നവും പേരുകളും ദുരുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിയാ വഖഫ് ബോർഡ് മുൻ അദ്ധ്യക്ഷൻ സമർപ്പിച്ച ഹർജിയിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. ഹർജി തന്നെ നിലനിൽക്കില്ലെന്ന് അസദുദ്ദിൻ ഒവൈസിയുടെ പാർട്ടിക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ വാദിച്ചു. നാലാഴ്‌ചയ്‌ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.