നൂതന ഡിസൈനിൽ നിർമ്മാണം, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാകും
തിരുവനന്തപുരം: കായലുകൾക്കും നദികൾക്കും മീതെ നിർമ്മിക്കുന്ന പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി ആക്കാൻ ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളുടെ മാതൃകയിലാക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി. നിലവിലെ ആർച്ച്, വോയിഡഡ് സ്ളാബ് ഡിസൈനുകൾക്ക് പകരം കൂറ്റൻ സ്റ്റീൽ പൈപ്പ് തൂണുകളിൽ ആകർഷകമായ രൂപകല്പനയോടെയാകും ഇനി പാലങ്ങളുടെ നിർമ്മാണം. ഇത് പാലങ്ങളെ കൂടുതൽ ആകർഷകമാക്കും.
പാലത്തിന്റെ ഇരുവശങ്ങളിലും കായൽ, നദീ സൗന്ദര്യം ആസ്വദിക്കാനും സൗകര്യമൊരുക്കും.
പാലങ്ങളോട് ചേർന്ന് ഉപയോഗമില്ലാതെ കിടക്കുന്ന പൊതുസ്ഥലങ്ങളിൽ വയോജന പാർക്ക്, സ്കേറ്റിംഗ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇടം തുടങ്ങിയവയും ലക്ഷ്യമിടുന്നു.
നൂതന ഡിസൈനിൽ നിർമ്മിച്ച ആലപ്പുഴ വലിയഴീക്കൽ, കൂട്ടുംവാതുക്കൽ കടവ് പാലങ്ങൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ് ഇപ്പോൾ. കായലും കടലും പാലത്തിന്റെ നിർമ്മാണഭംഗിയും ആകർഷിക്കുന്നത് നിരവധി പേരെയാണ്. അഷ്ടമുടിക്കായലിന് കുറുകെ നിർമ്മിക്കുന്ന പെരുമൺ - പേഴുംതുരുത്ത് പാലവും കായൽസൗന്ദര്യം ആസ്വദിക്കാനുതകുന്ന രീതിയിലാക്കും. ഇരുഭാഗത്തും നിർമ്മാണം പൂർത്തിയായ പാലത്തിന്റെ മദ്ധ്യഭാഗം വീതി കൂട്ടി നിർമ്മിക്കാൻ ചെന്നൈ ഐ.ഐ.ടിയുടെ ഉപദേശം തേടിയിട്ടുണ്ട്.
ഗതാഗതത്തിന് ഉപയോഗിക്കാത്ത പഴയ പാലങ്ങളിൽ ഫുഡ് കോർട്ടും കഫറ്റീരിയയും സ്ഥാപിച്ച് സഞ്ചാരികളെ ആകർഷിക്കും. പ്രാദേശിക വിഭവങ്ങളും സംഗീതവും കലാരൂപങ്ങളും ഉണ്ടാകും.
50 പാലങ്ങൾ നിശാ
ടൂറിസം ഹബ്ബുകളാക്കും
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം കായലുകൾക്കും നദികൾക്കും മീതേ പണിത 50 പാലങ്ങൾ നിശാ ടൂറിസം ഹബ്ബുകളാക്കും. പെയിന്റടിച്ചും എൽ.ഇ.ഡി ദീപാലങ്കാരത്തിലൂടെയും മനോഹരമാക്കും. പാലങ്ങളിൽ പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും എൽ.ഇ.ഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കും. അനുഷ്ഠാനകലകളുടെ താളവട്ടങ്ങളും ഫ്യൂഷൻ സംഗീതവും മുഴങ്ങും. തിരുവനന്തപുരം (9), പത്തനംതിട്ട (2), ആലപ്പുഴ (9), ഇടുക്കി (1), എറണാകുളം (4), തൃശൂർ (6), പാലക്കാട് (3), മലപ്പുറം (7), വയനാട് (1), കണ്ണൂർ (5), കാസർകോട് (3) എന്നിവിടങ്ങളിലെ പാലങ്ങളാകും ഇത്തരത്തിലാക്കുക.
പ്രയോജനം
വിനോദ സഞ്ചാര വികസനം
പ്രാദേശിക വികസനം, തൊഴിൽ, വരുമാനം
കുടുംബശ്രീ പോലുളള സംരംഭകർക്ക് വരുമാനം
നിർമ്മാണത്തിലുള്ളത് 144 പാലങ്ങൾ
ചെലവ് 1208 കോടി
''രണ്ട് വർഷത്തിനകം 50 പുതിയ പാലങ്ങൾ പൂർത്തിയാക്കി. ടൂറിസം വികസനത്തിനുള്ള ഡിസൈൻ പോളിസിയുടെ ഭാഗമായി പാലങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുക കൂടിയാണ് ലക്ഷ്യം.
-പി.എ. മുഹമ്മദ് റിയാസ്,
ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി