ശാപമോക്ഷം കാത്ത് സൊസൈറ്റിപ്പടി - മുടവനംക്കാവ് റോഡ്

Tuesday 21 March 2023 12:33 AM IST

ശ്രീകൃഷ്ണപുരം: ശോചനീയാവസ്ഥയിലായ സൊസൈറ്റിപ്പടി-മുടവനംകാവ് റോഡ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അറുപതു വർഷത്തിലധികമായി ഈ റോഡിൽ യാതൊരു വിധ അറ്റകുറ്റപണികളോ നിർമ്മാണ പ്രവർത്തികളോ നടത്തിയിട്ടില്ല. തകർന്ന് കിടക്കുന്ന റോഡിൽ വലിയ കല്ലുകൾ രൂപപ്പെട്ടു ഇതുവഴി കാൽനട യാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് ഈ റോഡിനോടുള്ള അവഗണന തുടരുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് റോഡിൽ രൂപപ്പെട്ട കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് ഇതു വഴിയുള്ള യാത്രയും ഏറെ ദുഷ്‌ക്കരമാണ്. ഈ റോഡിൽ ശ്രീകൃഷ്ണപുരം സൊസൈറ്റിയുടെ അരി സംഭരണ ശാല പ്രവർത്തിക്കുന്നത് മൂലം നിത്യേന ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് വന്നു പോകുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്ത ജനങ്ങൾക്കും പ്രദേശവാസികൾക്കും ഏറെ ഉപകാരപ്രദമായ റോഡിന്റെ അറ്റകുറ്റ പണികൾ നടത്തി ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാരുടെ യാത്ര ക്ലേശം പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും ശ്രീകൃഷ്ണപുരം എൻ.എസ്. എസ് കരയോഗം ആവശ്യപ്പെട്ടു.