കുത്തിക്കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

Tuesday 21 March 2023 12:34 AM IST

കൊല്ലം: ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. പട്ടത്താനം വയലിൽ പുത്തൻവീട്ടിൽ സന്തോഷ് (49)ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. പട്ടത്താനം, പുത്തൻവീട്ടിൽ സെന്തിൽകുമാറിനെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. സ്ഥിരമായി പട്ടത്താനം, പാർവത്യാർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ സർവീസ് നടത്തുന്ന ആളാണ് അറസ്റ്റിലായ സന്തോഷ്. സെന്തിൽകുമാർ സ്ഥിരമായി സ്റ്റാൻഡിൽ കിടക്കാതെ പല ഇടങ്ങളിൽ നിന്ന് ഓട്ടം ഓടുന്ന ആളാണ്. കഴിഞ്ഞ ദിവസം പാർവത്യാർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ സെന്തിൽകുമാറും സന്തോഷും തമ്മിൽ ഇതെ ചൊല്ലി തർക്കം ഉണ്ടാവുകയും സന്തോഷ് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, വിഷ്ണു, ഷാജി, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.