പട്ടാപ്പകൽ കടയിൽ മോഷണം: പ്രതി പിടിയിൽ

Tuesday 21 March 2023 12:36 AM IST

കൊല്ലം: ചെരുപ്പ് കടയിൽ നിന്ന് പട്ടാപ്പകൽ മോഷണം നടത്തിയ ആളെ പൊലീസ് പിടികൂടി. കുണ്ടറ ചെറുമൂട്, ഇടക്കര ജയന്തി കോളനിയിൽ ഷാനവാസിനെയാണ് (56) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കാവനാടുള്ള ചെരുപ്പ് കടയിൽ കടയുടമ ഇല്ലാതിരുന്ന സമയം നോക്കി മേശയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞാണ് കുണ്ടറയിലുള്ള ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്. ഇയാൾ മമ്പും നിരവധി മോഷണകേസുകളിൽ പിടിയിലായിട്ടുണ്ട്. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതിയുടെ ഭാര്യയും മക്കളുമടങ്ങിയ സംഘം തടയുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെയും കേസെടുത്തു. സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഐ.വി.ആശ, സുദർശനൻ, ഡാർവിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.