ഇ.എസ്.ഐ ആശുപത്രിയിലെ വീഴ്‌ചയിൽ അന്വേഷണം
ന്യൂഡൽഹി: എഴുകോൺ ഇ.എസ്.ഐ ആശുപത്രി ജീവനക്കാരി കൂടിയായ എഴുകോൺ സ്വദേശി ചിഞ്ചു രാജിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട വീഴ്ചയിൽ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇ.എസ്.ഐ ഡയറക്ടർ ജനറലിന് നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഒരാഴ്‌ചയ്‌ക്കകം ഇ.എസ്.ഐ ആസ്ഥാനത്ത് നിന്നുള്ള ഉന്നത തല സംഘം ആശുപത്രി സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
ശസ്‌ത്രക്രിയയ്ക്ക് ഉപയോഗിച്ച മോപ്പ് ശരീരത്തിനുള്ളിൽ തുന്നിക്കെട്ടിയ സംഭവം ഇ.എസ്.ഐ ആശുപത്രികളുടെ വിശ്വാസ്യത ഇടിച്ചെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ് മന്ത്രി ഡയറക്ടർ ജനറലിനെ ഫോണിൽ വിളിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ അടിയന്തര നടപടിക്ക് നിർദേശം നൽകിയത്.
എഴുകോൺ ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് സൗകര്യം വർദ്ധിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പുതിയ കെട്ടിടം, ഐ.സി.യു, ഓപ്പറേഷൻ തീയറ്റർ, ട്രോമ കെയർ, ബ്ലഡ് ബാങ്ക്, വിപുലമായ ആയുർവേദ ചികിത്സ, കൂടുതൽ കിടക്കകൾ, കൂടുതൽ ഡോക്ടർമാർ, പ്രത്യേക കാൻസർ ചികിത്സാ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങൾ ആശുപത്രിയിൽ അനിവാര്യമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.