പ്രാതിനിദ്ധ്യ വിവേചനത്തിനെതിരെ ഓച്ചിറയിൽ സമരം ശക്തപ്പെടുത്തും
കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഭരണസമിതി പ്രാതിനിദ്ധ്യത്തിലെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തിപ്പെടുത്താൻ യൂണിയൻ നേതാക്കളുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ നാമജപ യജ്ഞത്തിന്റെയും ഭക്തജന സംഗമത്തിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ ചേർന്ന യോഗത്തിലാണ് സമരം ശക്തപ്പെടുത്താൻ തീരുമാനിച്ചത്. നിലവിലുള്ള ക്ഷേത്ര നിയമാവലിക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായിട്ടാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം നടക്കുന്നത്. ഇത് അഗീകരിക്കാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് യോഗം വിലയിരുത്തി.
കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ജെ.പ്രസേനൻ എന്നിവർ സംസാരിച്ചു.