സാമ്പത്തിക വർഷം തീരാൻ 10 നാൾ: തദ്ദേശ വാർഷിക പദ്ധതിയിൽ 222 കോടി ഇനിയും ബാക്കി
കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ പത്തുനാൾ മാത്രം ശേഷിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തീകരിക്കാനുള്ളത് 222.5 കോടിയുടെ പദ്ധതികൾ.
ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടുപോയാൽ ഈ സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് 75 കോടിയുടെ പദ്ധതികളെങ്കിലും നഷ്ടമാകും.
പദ്ധതി നിർവഹണത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ മെല്ലെപ്പോക്കാണ് പണം നഷ്ടമാകുന്ന അവസ്ഥയിലേക്ക് പോകുന്നതിന്റെ പ്രധാന കാരണം.
ഒന്നരമാസം മുമ്പ് രണ്ടാഴ്ചക്കാലത്തോളം നിലനിന്നിരുന്ന ക്വാറി, ക്രഷർ സമരവും പദ്ധതി നിർവഹണത്തെ ബാധിച്ചിരുന്നു. വർദ്ധിച്ച ടാർ വില നൽകാത്തതിനാൽ ടാറിംഗ് പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ വിമുഖത കാട്ടുകയാണ്.
ഒരു ബാരൽ ടാറിന് 6500 രൂപ മാത്രമാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വാങ്ങുമ്പോൾ പതിനൊന്നായിരം രൂപയോളമാകും. പണം പാഴാകാതിരിക്കാൻ പല തദ്ദേശ സ്ഥാപനങ്ങളും കരാറുകാരെക്കൊണ്ട് നിർബന്ധപൂർവം പ്രവൃത്തികൾ ഏറ്രെടുപ്പിക്കാനുള്ള ശ്രമത്തിലാണ്.
ആകെ പദ്ധതി തുക ₹ 597.90 കോടി
ചെലവിട്ടത് ₹375.4 കോടി
ബാക്കി ₹ 222.2 കോടി
പദ്ധതി നിർവഹണത്തിൽ മുന്നിൽ
പത്തനാപുരം പഞ്ചായത്ത് ₹ 82.02 %
കുണ്ടറ പഞ്ചായത്ത് ₹ 80.51 %
ചിറക്കര പഞ്ചായത്ത് ₹ 78.81 %
ആദിച്ചനല്ലൂർ പഞ്ചായത്ത് ₹ 78.35 %
37 കോടിയുടെ ബില്ലുകൾ ക്യൂവിൽ
സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നൽകിയ 37.81 കോടിയുടെ ബില്ലുകൾ ട്രഷറിയിൽ ക്യൂവിലാണ്. പൂർത്തിയാക്കിയ പ്രവൃത്തികളുടെ പണം ലഭിക്കാത്തതിനാൽ പല കരാറുകാരും ബാക്കിയുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.
അലോട്ട്മെന്റ് വൈകിപ്പിച്ച് സർക്കാർ
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി തുക മൂന്ന് ഗഡുക്കളായാണ് സർക്കാർ അനുവദിക്കുന്നത്. ഇതിൽ രണ്ട് ഗഡുകളേ പൂർണമായും അനുവദിച്ചിട്ടുള്ളു. മൂന്നാമത്തെ ഗഡുവിന്റെ മൂന്നിലൊന്ന് മാത്രമാണ് മാർച്ച് ആദ്യം അനുവദിച്ചത്.
എസ്.സി.പി, ടി.എസ്.പി വിഭാഗങ്ങളിലെ പണമാണ് ലഭിക്കാനുള്ളത്. ഈ പണം ലഭിക്കാത്തതിനാൽ ഈ തുകയ്ക്ക് തയ്യാറാക്കിയ പദ്ധതികളുടെ ബില്ലുകളും ട്രഷറിയിലേക്ക് നൽകാൻ കഴിയില്ല. ജില്ലാ പഞ്ചായത്തിന് എസ്.സി.പി വിഭാഗത്തിലെ ആറ് കോടി കിട്ടാനുണ്ട്.
എല്ലാവർഷവും സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലാണ് അവസാനഗഡു അനുവദിക്കുന്നതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. എന്നാൽ അവസാനദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കൂടി വരുമ്പോൾ പണം അനുവദിച്ചാലും പ്രയോജനപ്പെടില്ല.