വേനലിൽ മെലിഞ്ഞ് തെന്മല പരപ്പാർ അണക്കെട്ട്

Tuesday 21 March 2023 1:03 AM IST
ജലനിരപ്പ് താഴ്ന്ന തെന്മല പരപ്പാർ അണക്കെട്ട് പ്രദേശത്തെ എർത്ത് ഡാമിൽ വെളളം ഉളളിലേക്ക് വലിഞ്ഞ നിലയിൽ

 ജലനിരപ്പ് ക്രമാതീതമായി താഴുന്നു

പുനലൂർ: വേനൽ ശക്തമായതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ വേനൽ മഴ പെയ്തെങ്കിലും പദ്ധതി പ്രദേശത്തെ ജല നിരപ്പ് താഴുകയാണ്.

കൂടാതെ അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി ആറുകളും ആഴ്ചകൾക്ക് മുമ്പേ ഉണങ്ങി വരണ്ടതും വൃഷ്ടി പ്രദേശത്തെ ജലനിരപ്പ് താഴാൻ മുഖ്യകാരണമായി. 115.72 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 102.04മീറ്റർ ജലനിരപ്പാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയതെന്ന് കെ.ഐ.പി അധികൃതർ അറിയിച്ചു.

എർത്ത് ഡാം അടക്കമുള്ള വൃഷ്ടി പ്രദേശങ്ങളിൽ ജല നിരപ്പ് ഉൾവലിഞ്ഞതോടെ നീണ്ട മണൽ കൂനകളും ഉണങ്ങിയ കൂറ്റൻ തടികളും പ്രത്യക്ഷപ്പെട്ടു.

മുൻ കാലങ്ങളിൽ വേനൽ മഴ നേരത്തെ പെയ്തിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല.

പരമാവധി വെള്ളം അണക്കെട്ടിൽ ശേഖരിച്ച് കല്ലട ഇറിഗേഷന്റെ ഇടത് ​​- വലതുകര കനാലുകൾ വഴിയുള്ള വേനൽക്കാല ജല വിതരണം നടത്തിവരികയാണ്. ഇതിനാൽ അണക്കെട്ടിൽ നിന്ന് കല്ലട ആറുവഴിയുള്ള ജല വിതരണം താത്കാലികമായി നിറുത്തി. കല്ലടയാറ്റിൽ വെള്ളം കുറഞ്ഞത് തീരവാസികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

മുടങ്ങാതെ വൈദ്യുതി ഉത്പാദനം
അണക്കെട്ടിനോട് ചേർന്ന പവർ ഹൗസിൽ രണ്ട് ജനറേറ്ററുകളിൽ ഒരെണ്ണം പൂർണതോതിലും മറ്റൊന്ന് വൈകിട്ട് 6മുതൽ രാത്രി 10വരെ ഭാഗികമായുമാണ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. ഇതുവഴി ദിവസവും 15 മെഗാവാൾട്ട് വൈദ്യുതി ലഭിച്ചിരുന്നു. ഇടയ്ക്ക് ഒരു ജനറേറ്ററിന്റെ വാർഷിക പുനരുദ്ധാരണ ജോലികളെ തുടർന്ന് മറ്റൊരു ജനറേറ്റർ വഴി മാത്രമാണ് വൈദ്യുതി ഉത്പാദനം.

സഞ്ചാരികൾ എത്തിത്തുടങ്ങി

 ജലനിരപ്പ് താഴ്ന്നതോടെ സഞ്ചാരികൾ മൂന്ന് കിലോമീറ്റർ ഉൾവനത്തിലൂടെ നടന്നാണ് ഉല്ലാസ ബോട്ട് യാത്രയ്ക്ക് നദിക്കരയിലെത്തുന്നത്

 എന്നാൽ ചങ്ങാട യാത്രയ്ക്ക് ബുദ്ധിമുട്ടില്ല

 ബോട്ട്, ചങ്ങാട യാത്രകൾക്കിടെ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളെ കാണാനാകും

 തെന്മല പരപ്പാർ അണക്കെട്ടും എർത്ത് ഡാമും ഇക്കോ ടൂറിസം മേഖലയും സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ച് തുടങ്ങി

 സ്കൂൾ വേനൽ അവധികൂടിയാകുമ്പോൾ തിരക്ക് വർദ്ധിക്കും

വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളമാണ് ഇടത് ​​- വലതുകര കനാലുകൾ വഴിയുള്ള വേനൽക്കാല ജല വിതരണത്തിന് ഉപയോഗിക്കുന്നത്.

കെ.ഐ.പി അധികൃതർ

Advertisement
Advertisement