ആർച്ച് ബിഷപ്പിന്റെ പ്രസ്താവന ബി.ജെ.പി നേതാക്കളുടെ ഉറപ്പിൽ

Tuesday 21 March 2023 1:24 AM IST

കണ്ണൂർ: കേന്ദ്ര സർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ കേരളത്തിൽ ഒരു എം.പിയില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ്

പാംപ്ളാനിയുടെ വിവാദ പ്രസ്താവന ബി.ജെ.പി നേതാക്കൾ നൽകിയ ഉറപ്പിന് ശേഷം.

കഴിഞ്ഞ ചൊവ്വാഴ്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പുമായി ഒരു മണിക്കൂറോളം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതലയെയും സംഘം കണ്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള ബിഷപ്പ് കാത്തലിക് കൗൺസിൽ മാദ്ധ്യമ കമ്മിഷൻ ചെയർമാൻ കൂടിയായ ജോസഫ് പാംപ്ളാനിയുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയമാനങ്ങൾക്ക് വഴി തുറന്നു. ശനിയാഴ്ച രാത്രി ആലക്കോട്ട് നടന്ന കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതയുടെ കർഷക റാലി ഉദ്ഘാടനം ചെയ്യവെയായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

'കർഷകരുടെ പ്രശ്‌നം പറയുമ്പോൾ ബി.ജെ.പിയിൽ ചാരി അത് തമസ്‌കരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഞങ്ങൾ സംസാരിക്കുന്നത് ഗതി കെട്ടിട്ടാണ്" .

-മാർ ജോസഫ് പാംപ്ളാനി

ആർച്ച് ബിഷപ്പ്,

'റബറിന് 300 രൂപയാക്കണമെന്ന പിതാവിന്റെ ആവശ്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കർഷകരുടെ ആശങ്ക ഗൗരവമായി കാണും."

-എൻ.ഹരിദാസ്,

ജില്ലാ പ്രസിഡന്റ്,

ബി.ജെ.പി