ഭൂമിയുടെ ഉപ്പിന് ദേശീയ പുരസ്‌കാരം
Tuesday 21 March 2023 1:25 AM IST
തിരുവനന്തപുരം; സിനിമാട്ടോഗ്രാഫർ സണ്ണി ജോസഫ് സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ് തൃശൂർ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള കെ.ഡബ്ലിയു. ജോസഫ് ദേശീയ പുരസ്‌കാരം നേടി. പതിനൊന്ന് സിനിമകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യ ഫിലിം പ്രൊജക്ഷനിസ്റ്റ് ആയിരുന്ന കെ. വാറുണ്ണി ജോസഫിന്റെ ഓർമ്മക്കായുള്ള അവാർഡാണിത്. ശില്പവും ഒരു ലക്ഷം രൂപയുമാണ് സമ്മാനം. കൽക്കട്ട, ജാഫ്ന, ഔറംഗബാദ് ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുത്ത ചിത്രം കാഡ്മണ്ഡുവിൽ നടക്കുന്ന നേപ്പാൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ട്.