ബി.ജെ.പി അനുകൂല പ്രസ്താവന: ഖേദമില്ലെന്ന് ആർച്ച് ബിഷപ്പ്

Tuesday 21 March 2023 1:29 AM IST

കണ്ണൂർ : കർഷക യോഗത്തിലെ ബി.ജെ.പി അനുകൂല പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്‌നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടത്. കർഷക പ്രശ്‌നത്തിന് മാദ്ധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം ഉടൻ ബി.ജെ.പി എം.പി ഉണ്ടാകുമെന്നല്ല. കർഷകരുടെ പ്രശ്‌നങ്ങൾ നിരവധിയാണ്. വിലത്തകർച്ച, വന്യമൃഗ ശല്യം, കേരള ബാങ്ക് ഉൾപ്പെടെ ജപ്തി നോട്ടീസ് നൽകുന്നു, കർഷകരെ തെരുവിലിറക്കുന്നു. ഇതെല്ലാം പറയേണ്ടത് കേന്ദ്ര സർക്കാരിനോടാണ്. കർഷകരെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. കർഷകരുടെ ശബ്ദമായാണ് ആ വിഷയം താൻ അവതരിപ്പിക്കുന്നത്. സംസാരിക്കുന്നത് സഭയുടെ പ്രതിനിധിയായല്ല. താനും ഒരു കർഷകനാണ്. മലയോര കർഷകർ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോൺഗ്രസിനോടോ സി.പി.എമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല, ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താൻ, രാജ്യം ഭരിക്കുന്ന സർക്കാരിനോടാണ് പറയേണ്ടത് - പാംപ്ളാനി പറഞ്ഞു.

Advertisement
Advertisement