കർഷകരെ പിന്തുണയ്ക്കുന്നവർക്ക് പിന്തുണ: താമരശ്ശേരി ബിഷപ്പ്

Tuesday 21 March 2023 1:30 AM IST

കോഴിക്കോട്: റബ്ബർ കർഷകരെ സഹായിക്കുന്നവർക്ക് പിന്തുണയെന്ന തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിറകെ താമരശ്ശേരി ബിഷപ്പും. കർഷകരെ അനുഭാവപൂർവം പിന്തുണയ്ക്കുകയും കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിക്ക്, അത് ബി.ജെ.പി ആയാലും പൂർണപിന്തുണ നൽകുമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. കർഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. മാറി മാറി വന്ന കോൺഗ്രസ്, സി.പി.എം ഭരണകൂടങ്ങളിൽനിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് അദ്ദേഹം ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ്, മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിന് ഒടുവിലായിരുന്നു. എന്നാൽ മറ്റെന്തോ സമ്മർദ്ദം കാരണം ആ വകുപ്പ് മറ്റൊരു മന്ത്രിക്ക് കൈമാറി. ഇതിൽ എതിർപ്പുണ്ട്. ഞങ്ങൾക്ക് അത് വലിയൊരു പ്രശ്‌നമാണ്. വലിയ സംഘടിത ശക്തി അല്ലാത്തത്‌കൊണ്ട് കർഷകരെ ഒരു സർക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നതുതന്നെയാണ് തീരുമാനം. റബ്ബർ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല. റബ്ബർ കർഷകന് ആശ്വാസമായിരുന്ന സബ്‌സിഡി എടുത്തുമാറ്റി. റബർ ബോർഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്.