മുല്ലപ്പെരിയാർ: സ്വതന്ത്ര സമിതി വേണമെന്ന് കേരളം സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കുമ്പോൾ, മേൽനോട്ടസമിതിയുടെ നേതൃത്വത്തിൽ രാജ്യാന്തര വിദഗ്ദ്ധരടങ്ങിയ സ്വതന്ത്ര സമിതി രൂപീകരിച്ച് ഡാമിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടും. ഒരു വർഷത്തിനകം സമിതി കുറ്റമറ്റ രീതിയിൽ സുരക്ഷാ പരിശോധന നടത്തണം. പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കണം. പരിശോധനയുടെ ടേംസ് ഒഫ് റഫറൻസ് കേരളത്തെ അറിയിക്കണം. കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. എല്ലാ നടപടികളും വീഡിയോയിൽ ചിത്രീകരിക്കണം. പരിശോധനയുടെയും പഠനത്തിന്റെയും ഫലങ്ങൾ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെടും. ജലസേചന വകുപ്പ് ചീഫ് എൻജിനിയർ സമർപ്പിച്ച മറുപടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
മാർച്ച് 27ന് മേൽനോട്ടസമിതി ഡാം സന്ദർശിക്കുമെന്നും 28ന് യോഗം ചേരുമെന്നും കേന്ദ്ര ജലകമ്മിഷൻ ഡെപ്യൂട്ടി ഡയറക്‌ടർ വിവേക് കുമാർ സോണി തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ മേയ് ഒൻപതിന് സമിതി മുല്ലപ്പെരിയാർ സന്ദർശിച്ചപ്പോൾ ഡാമിന്റെ സ്ഥിതി തൃപ്‌തികരമായിരുന്നു. സമീപത്തെ മരങ്ങൾ മുറിക്കുന്നതും ബേബി ഡാം ശക്തിപ്പെടുത്തുന്നതും അടക്കം ഇരു സംസ്ഥാനങ്ങളും സമവായത്തിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.