അഞ്ച് പ്രതിപക്ഷ എം എൽ എമാർ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി; സഭാ സമ്മേളനം നടത്തിക്കില്ലെന്നത് ശരിയായ രീതിയല്ലെന്ന് സ്‌പീക്കർ

Tuesday 21 March 2023 9:36 AM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. അഞ്ച് എം എൽ എമാർ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. അൻവർ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എ കെ എം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. പ്രതിപക്ഷ എം എൽ എമാർ സമരം ചെയ്യുന്നവർക്ക് അഭിവാദ്യം അർപ്പിച്ചു.

നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അതേസമയം, സഭാ സമ്മേളനം നടത്തിക്കില്ലെന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. സഭയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും സഭാ ടിവിയിൽ കാണിക്കുന്നില്ല.

സഭാ നടപടികളുടെ സംപ്രേഷണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തുന്ന പാർലമെന്റിലെ മാതൃക നിയമസഭയിലും സ്വീകരിക്കണമെന്ന നിർദ്ദേശം പരിശോധിക്കുമെന്ന് സ്പീക്കർ ഇന്നലെ റൂളിംഗിൽ വ്യക്തമാക്കിയിരുന്നു. അടിയന്തര പ്രമേയ നോട്ടീസിലടക്കം അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികൾ ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നിരുന്നു.