നടുത്തളത്തിൽ സത്യാഗ്രഹം നടത്തിയത് ഏറ്റവും മോശപ്പെട്ട പ്രതിപക്ഷ നേതാവാണെങ്കിൽ, തനിക്ക് രണ്ട് മുൻഗാമികൾ കൂടിയുണ്ടെന്ന് വി ഡി സതീശൻ

Tuesday 21 March 2023 12:42 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധിക്കാരത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷത്തിന്റേത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണെന്നും ചർച്ചയ്ക്കില്ലെന്ന് സർക്കാർ പറയുന്നത് ധിക്കാരമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യമായിട്ടാണ് നടുത്തളത്തിൽ പ്രതിപക്ഷം സത്യാഗ്രഹമിരിക്കുന്നതെന്ന മന്ത്രി എം ബി രാജേഷിന്റെ വിമർശനവും അദ്ദേഹം തള്ളി.

"സഭയുടെ നടുത്തളത്തിലിരുന്ന് സത്യാഗ്രമാണ് ആരംഭിച്ചത്. അൻവർ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എ കെ എം അഷ്റഫ് എന്നീ അഞ്ചംഗങ്ങളാണ് സത്യാഗ്രഹമിരിക്കുന്നത്. ഇതുപോലെയൊരു സമരം നടത്തിയ പ്രതിപക്ഷത്തെ സ്പീക്കർ അടക്കമുള്ള ആളുകൾ മാറി മാറി അവഹേളിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ നടുത്തളത്തിലൊരു സത്യാഗ്രഹം എന്ന് ഒരു മന്ത്രി എഴുന്നേറ്റ് നിന്ന് പറഞ്ഞു. സ്പീക്കർ ഇതിനെ പിന്തുണച്ചു. ഏറ്റവും രസകരമായ കാര്യം 1974 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതിയാണ് സഭയിൽ ആദ്യമായി നടുത്തളത്തിൽ സത്യാഗ്രഹമുണ്ടായത്.

നടുത്തളത്തിൽ സത്യാഗ്രഹം നടത്തിയ പ്രതിപക്ഷ നേതാവ് ഏറ്റവും മോശപ്പെട്ട പ്രതിപക്ഷ നേതാവാണെങ്കിൽ, എനിക്ക് രണ്ട് മുൻഗാമികൾ കൂടിയുള്ള കാര്യം ഞാൻ വളരെ സന്തോഷത്തോടെ പറയുന്നു. കേരളത്തിന്റെ നിയമസഭയിൽ നടുത്തളത്തിൽ ആദ്യം സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് സഖാവ് ഇ എം എസായിരുന്നു. മന്ത്രിമാരും സ്പീക്കറും നിയമസഭയുടെ ചരിത്രം ഒന്ന് മറിച്ചുനോക്കണം. വേറൊരു പിൻഗാമി കൂടിയുണ്ട് എനിക്ക്. 2011ൽ വി എസ് അച്യുതാനന്ദൻ സഭയിൽ നടുത്തളത്തിൽ സത്യാഗ്രഹമിരുന്നു.' - വി ഡി സതീശൻ പറഞ്ഞു.