നിഖിലിന്റെ വീഡിയോ പങ്കുവച്ച് എ.ആർ.റഹ്മാൻ

Wednesday 22 March 2023 12:07 AM IST

ചാലിശേരി: തന്റെ ശബ്ദസാമ്യം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ നിഖിൽ പ്രഭയുടെ വീഡിയോ പങ്കുവച്ച് സാക്ഷാൽ എ.ആർ.റഹ്മാൻ.

റഹ്മാൻ ഗാനങ്ങളോട് പ്രിയമേറെയുള്ള ചാലിശേരി സ്വദേശി നിഖിൽ സംഗീത സംവിധായകനായി സിനിമ, സീരിയൽ, ആൽബം തുടങ്ങിയവയിൽ 1300ഓളം പാട്ടുകൾ ചെയ്തിട്ടുണ്ട്. കലാഭവൻ മണി നായകനായ അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിനിമയ്ക്കാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്.

സോഷ്യൽ മീഡിയയിൽ നിഖിലിന്റെ പാട്ടുകൾ വൈറലായതോടെ ശബ്ദം യഥാർത്ഥമാണോ വ്യാജമാണോ എന്ന

സംശയവുമായി പലരുമെത്തി. ചിലർ വീഡിയോ വ്യാജമാണെന്ന് പറഞ്ഞ് നിഖിലിനെ വിമർശിച്ചു. തുടർന്ന് ഫ്ളവേഴ്സ് ടി.വി കോമഡി ഉത്സവത്തിലൂടെ താൻ വ്യാജനല്ലെന്നും ശബ്ദസാമ്യം യഥാർത്ഥമാണെന്നും നിഖിൽ തെളിയിച്ചു. ഈ എപ്പിസോഡ് ട്വിറ്ററിൽ പങ്കുവച്ച് നിഖിലിന്റെ കഴിവിനെ അംഗീകരിച്ചിരിക്കുകയാണ് റഹ്മാൻ. നിഖിലിന്റെ ഭാര്യ: വിനീത. മക്കൾ: മീനാക്ഷി, ധ്യാൻ.