സ്കൂളിന് സ്ഥലം വാങ്ങാൻ കമ്മലുകൾ സമ്മാനിച്ച് സഹോദരികൾ

Wednesday 22 March 2023 12:23 AM IST

ചാലിശേരി: ജി.എൽ.പി.എസിലെ നാലാംതരം വിദ്യാർത്ഥിനി പ്രവ്ദ, സഹോദരിയും യു.കെ.ജി വിദ്യാർത്ഥിനിയുമായ താനിയ

എന്നിവർ സ്കൂളിന് സ്ഥലം വാങ്ങുന്ന ഫണ്ടിലേക്ക് സ്വർണ കമ്മലുകൾ സമ്മാനിച്ചു. 655 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് നിലവിൽ 45 സെന്റ് സ്ഥലമാണുള്ളത്. എൽ.പി സ്കൂളിന് ചുരുങ്ങിയത് ഒരേക്കർ വേണമെന്നാണ് വ്യവസ്ഥ. ഉപജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ എൽ.പി സ്കൂളിൽ 18 ക്ലാസ് മുറികൾ വേണ്ടിടത്ത് 12 എണ്ണമേയുള്ളൂ.

സ്കൂളിന്റെ പുതിയ കെട്ടിടത്തിന് മന്ത്രി എം.ബി.രാജേഷ് 1.2 കോടി അനുവദിച്ചിട്ടുണ്ട്. കെട്ടിടം പണിയുന്നതിന് 15 സെന്റ് ഭൂമി വാങ്ങാൻ ജനകീയ കൂട്ടായ്മ ഫണ്ട് ശേഖരണം നടത്തുകയാണ്. സ്കൂളിന് വേണ്ടി കമ്മൽ നൽകിയത് ഏറെ സന്തോഷം നൽകുന്നെന്ന് പ്രവ്ദ പറഞ്ഞു. പഠനത്തിൽ മിടുക്കികളായ ഇവർ കലാരംഗത്തും മികവ് പുലർത്തുന്നുണ്ട്.

വട്ടമ്മാവ് വലിയകത്ത് വീട്ടിൽ വി.എൻ.ബിനു- ആരിഫാബീഗം ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവരാണിവർ. സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി കമ്മൽ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ, ബ്ലോക്കംഗം ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ആനി വിനു, പി.വി.രജീഷ്, പി.ടി.എ പ്രസിഡന്റ് വി.എൻ.ബിനു, പ്രധാനദ്ധ്യാപകൻ ഇ.ബാലകൃഷ്ണൻ പങ്കെടുത്തു.

Advertisement
Advertisement