കൂരിരുട്ടിൽ ദേശീയപാത; അപകടം തുടർക്കഥ

Wednesday 22 March 2023 12:24 AM IST

കുഴൽമന്ദം: ദേശീയപാതയിൽ വാളയാർ മുതൽ വാണിയമ്പാറ വരെ 60 കിലോമീറ്റർ പരിധിയിൽ മൂന്നുമാസത്തിനിടെ 50ലധികം വാഹനാപകടങ്ങളിൽ 18 പേർക്ക് ജീവൻ നഷ്ടമായി. 39 പേർക്ക് ഗുരുതര പരിക്കേറ്റു. വാളയാർ, കസബ, പാലക്കാട് സൗത്ത്, കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കണക്കുകളാണിത്.

അമിത വേഗം, നിയമ ലംഘനം എന്നിവയ്ക്ക് പുറമേ ദേശീയ പാതയിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകടം വർദ്ധിക്കാൻ കാരണമാണ്. ദേശീയപാതയിലെ മേൽപ്പാലങ്ങളിൽ മാത്രമാണ് നല്ല പ്രകാശമുള്ള വഴിവിളക്കുകളുള്ളത്. മേൽപ്പാലം ഇല്ലാത്തതും ടൈമർ സിഗ്നൽ ഇല്ലാത്തതും മൂലമാണ് പലയിടത്തും തിരക്കും അപകടവുമുണ്ടാകുന്നത്.

പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് വിളക്കുണ്ടാകും. വാളയാർ ആർ.ടി.ഒ ചെക്‌പോസ്റ്റ് മുതൽ പതിനാലാം കല്ലുവരെയും പാലക്കാട് മെഡിക്കൽ കോളേജ് പരിസരത്തും ചിതലി, വെള്ളപ്പാറ, വാനൂർ, അണക്കപ്പാറ, മംഗലം ബൈപ്പാസ് ഭാഗത്തും രാത്രി വെളിച്ചക്കുറവുണ്ട്. ഇരുപതോളം സ്ഥിരം അപകട കേന്ദ്രങ്ങൾ വാളയാർ മുതൽ വാണിയമ്പാറ വരെയുണ്ട്. ആലാമരം, കഞ്ചിക്കോട് ആശുപത്രി ജംഗ്ഷൻ, കുരുടിക്കാട്, പുതുശേരി, ചന്ദ്രനഗർ റൗണ്ട്, കാഴ്ചപ്പറമ്പ്, വടക്കുമുറി, കണ്ണനൂർ, ചിതലി അഞ്ചുമുറി, വെള്ളപ്പാറ, കുഴൽമന്ദം, തോട്ടുപാലം, സ്വാതി ജംഗ്ഷൻ, വാനൂർ, ഇരട്ടക്കുളം, ചീക്കോട്, അണക്കപ്പാറ, മംഗലം, ഡയാന, പന്തലാമ്പാടം, പന്നിയങ്കര എന്നിവയാണിവ.

ലക്ഷ്യം കാണാതെ ലൈൻ ട്രാഫിക്

ദേശീയപാത അപകട രഹിതമാക്കുന്നതിന് ലൈൻ ട്രാഫിക് കർശനമാക്കാൻ തീരുമാനിച്ചെങ്കിലും ഗതാഗത നിയമം പാലിക്കുന്നതിൽ ഇപ്പോഴും വലിയ വീഴ്ചയാണുള്ളത്. പാതയുടെ ഇടതുവശം ചേർന്ന് സഞ്ചരിക്കണമെന്ന നിയമം മിക്ക ചരക്കുവാഹനങ്ങളും പാലിക്കുന്നില്ല. വലതുവശം ചേർന്നാണ് മിക്കവയും പോകുന്നത്.

പിറകിൽ വരുന്ന വാഹനങ്ങൾ ഇടതുവശം വഴി മറികടക്കുന്നത് അപകടത്തോത് വർദ്ധിപ്പിക്കുന്നു. ഭാരവാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നത് അപകട കാരണമാകുന്നതായി ദേശീയപാത കരാർ കമ്പനിയായ വാളയാർ- വടക്കഞ്ചേരി എക്സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം അപകടത്തിനും കാരണം ലൈൻ ട്രാഫിക് ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.