40 ഇനം മത്സ്യങ്ങൾ കാണാമറയത്ത്; വേമ്പനാട് കായലിൽ നിന്ന് അപ്രത്യക്ഷമായി

Wednesday 22 March 2023 12:22 AM IST

കൊച്ചി: വേമ്പനാട് കായലിലെ 40 മത്സ്യഇനങ്ങൾ അപ്രത്യക്ഷമായി. 1980ൽ 150 മത്സ്യ ഇനങ്ങൾ ഉണ്ടായിരുന്ന കായലിൽ ഇപ്പോൾ 90 ഇനങ്ങളേയുള്ളൂ. സംസ്ഥാനസർക്കാരിന് വേണ്ടി കേരള മത്സ്യ സമുദ്രപഠന സർവകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പായൽ നിറഞ്ഞതും എക്കൽ അടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതും തണ്ണീർ മുക്കം ബണ്ട് വന്നതോടും കൂടി കടലിൽ നിന്നും കായലിൽ നിന്നും മത്സ്യങ്ങൾ സഞ്ചരിക്കാൻ പറ്റാത്തതും മത്സ്യസമ്പത്ത് കുറയാൻ കാരണമായി. വെള്ളപ്പൊക്ക സമയത്ത് കെട്ടുകളിലും മറ്റും വളർത്തുന്ന വിദേശ മത്സ്യങ്ങളും വേമ്പനാട്ടിലേക്ക് കടന്നുകയറി. ഇതും തനത് മത്സ്യങ്ങൾക്ക് ഭീഷണിയായി.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ വേമ്പനാട് കായലിനെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ച് ജീവിക്കുന്ന 90 ലക്ഷം ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും മത്സ്യസമ്പത്തിന്റെ കുറവ് സാരമായി ബാധിക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് നിലവിൽ വന്നതിന് ശേഷം വേമ്പനാട് കായലിലെ മത്സ്യ ഇനങ്ങളുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ടെന്നും പഠനം പറയുന്നു.

കാണാതായത്

കടൽ മത്സ്യങ്ങൾ

വേമ്പനാട് കായലിൽ നിന്ന് കാണാതായത് ഓരുവെള്ളത്തിലും മറ്റും ജീവിക്കുന്ന കടലിൽ നിന്നെത്തുന്ന മത്സ്യങ്ങളാണ്. തണ്ണീർ മുക്കം ബണ്ട് വന്നതോടുകൂടിയാണ് ഇവ പലതും അപ്രത്യക്ഷമായത്. ഇപ്പോൾ പുഴകളിൽ നിന്നുള്ള മീനുകളായ വരാൽ, പരൽ, കരിമീൻ, തൂളി, കാരി, കൂരി തുടങ്ങിയവയാണ് കൂടുതലുള്ളത്. 1980ൽ നടത്തിയ പഠനത്തിനുശേഷം 1990ലും 2000ലും പഠനം നടത്തിയപ്പോഴും കുറവ് കണ്ടെത്തിയിരുന്നു.

മത്സ്യസമ്പത്ത്

തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള മദ്ധ്യ വേമ്പനാട് കായലിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ഏറ്റവും അധികം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്. 88 ഇനങ്ങൾ ഇവിടെയുണ്ട്. കായലിന്റെ വടക്കൻ മേഖലയിൽ 81 ഇനങ്ങളെയും തെക്കൻ ഭാഗത്ത് 65 ഇനങ്ങളെയും കണ്ടെത്തി.

• കരിമീൻ ഒന്നാമത്, വരാൽ രണ്ടാമത്

സിപ്രിനിഡെ ഫാമിലിയിലുള്ള (പരൽ മുതലായ മത്സ്യങ്ങൾ) 13 ഇനങ്ങളാണ് വേമ്പനാട് കായലിൽ ഏറ്റവും അധികമുള്ളത്. വാണിജ്യമൂല്യമുള്ള മത്സ്യങ്ങളിൽ ഏറ്റവും അധികം കരിമീനാണ്. ഇത് മാത്രം 6.5 ശതമാനം വരും. 5.6 ശതമാനമുള്ള വരാലാണ് രണ്ടാം സ്ഥാനത്ത്.

Advertisement
Advertisement