ഞവരത്തോടിന് കുറുകെ കലുങ്ക് നിർമ്മാണം, ദുരന്തം ഒഴിയാൻ 30 ലക്ഷം മുടക്കണം

Wednesday 22 March 2023 12:06 AM IST
ഫെബ്രുവരി 22 ന് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

പത്തനംതിട്ട : കോളേജ് റോഡിൽ സ്റ്റേഡിയം ജംഗ്ഷനും ടൗൺഹാൾ റോഡിനും മദ്ധ്യേഭാഗത്തെ ഞവരത്തോടിന് കുറുകെയുള്ള കലുങ്ക് നിർമ്മിക്കാൻ മുപ്പത് ലക്ഷത്തിന്റെ എസ്റ്റിമേറ്റ് നൽകി പി.ഡബ്ല്യൂ.ഡി. ഭരണാനുമതി ലഭിച്ചാൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴിയു. കലുങ്കിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരി 22ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താവുന്ന നിലയിലാണ് കലുങ്ക്. ബസുകളടക്കം വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വാഹനങ്ങളുടെ നീണ്ട പാർക്കിംഗും ഇവിടെയുണ്ട്. പി.ഡബ്യൂ.ഡിയുടെ അധീനതയിലുള്ള റോഡ് നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറുന്നതിനാൽ അനുമതിയില്ലാതെ നിർമ്മാണം നടത്താൻ കഴിയില്ല. ഉടൻ പുനർ നിർമ്മാണം നടത്തിയില്ലെങ്കിൽ വലിയ അപകടത്തിനും സാദ്ധ്യതയുണ്ട്.

സ്വകാര്യ ബസുകളടക്കം സർവീസ് നടത്തുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ടൗൺഹാൾ, പോസ്റ്റ് ഓഫീസ്, ബാങ്കുകൾ, ഹോട്ടൽ, ജൂവലറികൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ തുടങ്ങിയവയെല്ലാം ഈ റോഡിനിരുവശത്തുമാണ്. കാടുപിടിച്ച് കിടക്കുന്നതിനാൽ കലുങ്കിന്റെ ശോചനീയാവസ്ഥ പുറമേ നിന്ന് കാണാൻ കഴിയില്ല. സ്ലാബിനടിയിലെ മണ്ണൊലിച്ചുപോയി കലുങ്കിന്റെ സംരക്ഷണ തൂണുകളുടെ താഴ്ഭാഗം തെളിഞ്ഞു കാണാം.