പ്രഥമ കേരള പുരസ്കാരങ്ങൾ ഗവർണർ സമ്മാനിച്ചു

Wednesday 22 March 2023 4:32 AM IST

 എം.ടിക്കുവേണ്ടി മകൾ കേരള ജ്യോതി പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കായി പദ്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കേരള ജ്യോതി പുരസ്കാരം സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്കുവേണ്ടി അദ്ദേഹത്തിന്റെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി വി.നായർ ഏറ്റുവാങ്ങി. കേരള പ്രഭ പുരസ്കാരം ടി.മാധവ മേനോൻ (സിവിൽ സർവീസിലെയും പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങളുൾപ്പെടെ സാമൂഹ്യ സേവന രംഗത്തെയും സമഗ്ര സംഭാവനകൾക്ക്), പ്രശസ്ത നാടക കൃത്ത് ഓംചേരി എൻ.എൻ പിള്ളയ്ക്കുവേണ്ടി മകൾ ദീപ്തി ഓംചേരി ഭല്ല എന്നിവർ സ്വീകരിച്ചു.

'ഫ്രോഗ് മാൻ ഒഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഡോ.സത്യഭാമാദാസ് ബിജു (ഡോ.ബിജു), സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഗോപിനാഥ് മുതുകാട്, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, സംഗീത രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഗായിക വൈക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്കാരം ഏറ്റുവാങ്ങി.

കേരള പ്രഭ പുരസ്കാര ജേതാവായ നടൻ മമ്മൂട്ടി, കേരള ശ്രീ പുരസ്കാര ജേതാക്കളായ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ, ശാസ്ത്ര പ്രചാരകൻ എം.പി പരമേശ്വരൻ എന്നിവർ ചടങ്ങിനെത്തിയില്ല. തന്റെ ശില്പങ്ങളോട് കാട്ടുന്ന അനാദരവിൽ പ്രതിഷേധിച്ച് കാനായി കുഞ്ഞിരാമൻ പുരസ്കാരം നേരത്തെ നിരസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയ് അവാ‌ർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

മന്ത്രിമാരായ വി.ശിവൻകുട്ടി, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ വി.കെ പ്രശാന്ത്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി മോഹനൻ, മേയർ ആര്യാ രാജേന്ദ്രൻ, ഡി.ജി.പി അനിൽകാന്ത്, എ.ഡി.ജി.പി എം.ആർ അജിത്കുമാർ, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement