വൈദ്യുതി ബിൽ കുടിശിക; ഫ്യൂസൂരൽ ഉച്ചയ്ക്കുമുമ്പ് മാത്രം, വിവരം അറിയിച്ചെന്ന് ഉറപ്പാക്കും

Wednesday 22 March 2023 4:34 AM IST

 തീരുമാനം കേരളകൗമുദി വാർത്തകളുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ബിൽ തുക യഥാസമയം അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്‌ക്ക് ഒരു മണി വരെ മാത്രമായി നിയന്ത്രിക്കണമെന്നും ഉപഭോക്താവിനെ വിവരം അറിയിച്ചെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ന‌ർദ്ദേശിച്ചു.കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം യുവസംരംഭകൻ രോഹിത്ത് എബ്രഹാം ആരംഭിച്ച ഐസ്‌ക്രീം പാർലറിന്റെ വൈദ്യുതി കണക്ഷൻ 214 രൂപ കുടിശികയുടെ പേരിൽ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചത് സംബന്ധിച്ച് കേരളകൗമുദി തുടർച്ചയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെയും എഡിറ്റോറിയലിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. രോഹിത്ത് ഐസ്‌ക്രീം പാർലർ ആരംഭിക്കുന്നതിനു മുമ്പ് അവിടെ കട നടത്തിയിരുന്ന അൻസാരിയുടെ മൊബൈലിലേക്കാണ് എസ്.എം.എസ് അയച്ചത് എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.

സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങളിലും വീടുകളിലും വൈദ്യുതി ബിൽ അടയ്‌ക്കാത്തതുമൂലമുള്ള ഡിസ്‌കണക്ഷൻ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കളെ തുക അടയ്‌ക്കുന്നതിന് ഓർമ്മപ്പെടുത്തുന്ന എസ്.എം.എസ്, ഇമെയിൽ സന്ദേശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. വാട്സാപ്പ് ചാറ്റ്ബോട്ട് സംവിധാനത്തിലൂടെയും സന്ദേശങ്ങൾ കൈമാറും. വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ ആ വിവരം രജിസ്റ്റർ ചെയ്‌ത ഫോൺ നമ്പർ മുഖാന്തരം ഉപഭോക്താവിനെ അറിയിക്കും. കുടിശിക അടച്ചാൽ എത്രയും വേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഇതിനായി വൈദ്യുതി ഉപഭോക്താക്കളുടെ ഫോൺ നമ്പർ മീറ്റർ റീഡർമാർ വഴിയും ക്യാഷ് കൗണ്ടറുകൾ വഴിയും അപ്‌ഡേറ്റ് ചെയ്യും. ഓൺലൈനായി ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് പത്ര-ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും പ്രചാരണം നൽകും. ഇന്നലെ സെക്രട്ടേറിയറ്റിൽ വൈദ്യുതി മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

'കുടിശികയുടെ പേരിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് അവസാന മാർഗമായി മാത്രം സ്വീകരിക്കേണ്ട നടപടിയാണ്. ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകും."

കെ.കൃഷ്‌ണൻകുട്ടി,

വൈദ്യുതി മന്ത്രി

Advertisement
Advertisement